സബ്‌സിഡിയോടെ പാചകവാതകമാക്കാം കോഴിമാലിന്യം വെറുതേ കളയുന്നതെന്തിന്?
മലപ്പുറം: കോഴി മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാനാകാതെ പലരും പ്രയാസപ്പെടുമ്പോള്‍ കോഴി മാലിന്യത്തില്‍നിന്നു പാചകവാതകമുണ്ടാക്കി മാതൃകയാകുകയാണ് ജില്ലയിലെ കോഴി വ്യാപാരികള്‍. ശുചിത്വമിഷന്റെ സബ്‌സിഡിയിലാണ് പദ്ധതി വ്യാപകമാകുന്നത്.
കൊണ്ടോട്ടി മുണ്ടക്കുളം അങ്ങാടിയില്‍ ഫാമിലി ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന മുതുവല്ലൂര്‍ പഞ്ചായത്തിലെ മൂച്ചിക്കല്‍ ഹിദായ നഗര്‍ കുഴിച്ചിക്കാട്ട് അബ്ദുല്‍ നാസറാണ് കടയിലെ കോഴി മാലിന്യം വീട്ടിലെത്തിച്ചു ബയോഗ്യാസ് പ്ലാന്റിലൂടെ ജൈവവാതകം നിര്‍മിച്ച് സ്വയം പര്യാപ്തതയും മാലിന്യമുക്തവുമായി മാതൃകയാകുന്നത്. നാസറിന്റേതുള്‍പ്പെടെയുള്ള മാതൃകകള്‍ വന്‍ വിജയമായതോടെ പദ്ധതിക്കു പ്രചാരമേറിയിരിക്കുകയാണ്.
എട്ട് എംക്യൂബ് കപ്പാസിറ്റിയുള്ള പ്ലാന്റാണ് നാസര്‍ എട്ടു മാസം മുന്‍പു സ്ഥാപിച്ചത്. ദിവസേന ശരാശരി അന്‍പതു കിലോ മാലിന്യമാണ് നാസറിന്റെ കടയില്‍ ബാക്കിയാകുന്നത്. ഇതെല്ലാം ഇപ്പോള്‍ പ്ലാന്റിലൂടെ സംസ്‌കരിക്കുകയാണ്.
2,20,000 രൂപയാണ് പ്ലാന്റിനായി ആകെ ചെലവ് വന്നത്. ഒരു ലക്ഷം ശുചിത്വ മിഷന്റെ സബ്‌സിഡിയും ലഭിച്ചു. പ്രതിദിനം അഞ്ചു മണിക്കൂറെങ്കിലും രണ്ടു അടുപ്പുകളുള്ള സ്റ്റൗ ഉപയോഗിക്കാനാകും.
സ്വന്തം വീട്ടിലെ ഉപയോഗത്തിനപ്പുറമുള്ള ഗ്യാസ് ലഭിക്കുന്നതിനാല്‍ സഹോദരങ്ങളുടെ വീട്ടിലേക്കും ഗ്യാസ് ലൈന്‍ വലിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കല്യാണ മണ്ഡപം, അനാഥാലയം, പൊതുവിദ്യാലയം തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ സബ്‌സിഡി ലഭ്യമാകും.
പഞ്ചായത്തുകള്‍ മുഖേനയാണ് ശുചിത്വമിഷന്‍ ജില്ലാ ഓഫിസില്‍ അപേക്ഷ നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."