കൊവിഡ് രോഗികളോടുള്ള പെരുമാറ്റം മൃഗങ്ങളോടുള്ളതിനെക്കാള്‍ മോശം; ഡല്‍ഹി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗികളോടുള്ള സമീപനം ക്രൂരമെന്ന് സുപ്രിം കോടതി. കൊവിഡ് രോഗികളുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് കണ്ടെടുക്കുന്ന സ്ഥിതി വിശേഷമാണെന്നും ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ ആശുപത്രിയുടെ ഇടനാഴികളിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും തള്ളുന്ന നിലയിലുമാണെന്ന് കോടതി നിരീക്ഷിച്ചു.
ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി ദയനീയമാണന്നും മാധ്യമങ്ങള്‍ കാണിച്ച ചില ദൃശ്യങ്ങള്‍ ഭയാനകമാണെന്നും കോടതി ചൂണ്ടികാട്ടി.ഡല്‍ഹിയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം എന്തുകൊണ്ട് കുറഞ്ഞുവെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി ആരാഞ്ഞു
. പരിശോധനകളുടെ എണ്ണം കൂട്ടേണ്ടത് എല്ലാ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്വമാണെന്നും കോടതി കൂട്ടിചേര്‍ത്തു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍,എം.ആര്‍.ഷാ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."