ജീവിതസായാഹ്നത്തില്‍ നീതി തേടി ആദിവാസി വയോധിക കുടുംബം
മാനന്തവാടി: ആദിവാസി വിഭാഗത്തില്‍പെട്ട വയോധിക ദമ്പതിമാര്‍ക്ക് ബന്ധപ്പെട്ടവര്‍ നീതി നിഷേധിക്കുന്നതായി പരാതി. ഒണ്ടയങ്ങാടി എടപ്പടിയിലാണ് എഴുപതു പിന്നിട്ട ദമ്പതിമാരായ രാമനും ലക്ഷ്മിയും ദുരിതം പേറുന്നത്. 1994ല്‍ അന്നത്തെ സര്‍ക്കാര്‍ ഇവിടെ 16 ആദിവാസി കുടുംബങ്ങള്‍ക്കായി 13 സെന്റ് വീതം ഭൂമിക്ക് പട്ടയം നല്‍കിയിരുന്നു.
അന്ന് പട്ടയം ലഭിച്ച ആദിവാസി കുടുംബങ്ങളില്‍ രാമനും ഭാര്യ ലക്ഷ്മിയും മാത്രമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. 1996 മുതലാണ് രാമന്‍ ഇവിടെ താമസം തുടങ്ങിയത്. കമ്മന നിട്ടറ തറവാട്ടിലെ രാമന്‍ അതുവരെ ആറാട്ടുതറ ഇല്ലത്തുവയലിലെ പുറമ്പോക്കിലാണ് കഴിഞ്ഞിരുന്നത്. പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിര്‍മിച്ച വീട്ടിലാണ് രാമന്റെയും ലക്ഷ്മിയുടെയും താമസം.
ഈ വീട് ചെറിയ മഴയെത്തിയാല്‍ പോലും ചോര്‍ന്നൊലിക്കും. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഇപ്പോള്‍ മാനന്തവാടി നഗരസഭയില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി രാമന്‍ പറഞ്ഞു. കുടിവെള്ള സൗകര്യമില്ലാത്തതാണ് ഇപ്പോള്‍ ഈ കുടുംബത്തിന് ദുരിതമാകുന്നത്. അരകിലോമീറ്റര്‍ ദൂരമുള്ള സ്ഥലത്തുള്ള കുഴിയില്‍ നിന്നാണ് തലച്ചുമടായി വെള്ളമെത്തിക്കുന്നത്. ആദിവാസി വിഭാഗങ്ങളെ പരിഗണിച്ച് 1996ല്‍ ഇവിടെ കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ടാങ്ക് ഇപ്പോഴും രാമന്റെ വീടിനു സമീപത്തായുണ്ട്. വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ മുറിച്ചുമാറ്റി ചിലര്‍ തോട്ടങ്ങളിലും മറ്റും വെള്ളം നനക്കുകയാണ് ചെയ്തതെന്ന് രാമന്‍ പറഞ്ഞു. ഭിന്നശേഷിയുള്ള ലക്ഷ്മിയെയാണ് രാമന്‍ വിവാഹം ചെയ്തത്. ഇവര്‍ക്ക് മക്കളൊന്നുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച അപകടത്തില്‍ ലക്ഷ്മിയുടെ കാലിനു സാരമായി പരുക്കേറ്റിരുന്നു.
വെള്ളം ശേഖരിക്കാന്‍ പോയ ലക്ഷ്മി തലച്ചുമടായി വെള്ളം കൊണ്ടു വരുമ്പോള്‍ സമീപത്തെ ക്വാറിയിലേക്ക് വന്ന ടിപ്പര്‍ ലോറി കയറിയിറങ്ങിയാണ് അപകടമുണ്ടായതെന്ന് ലക്ഷ്മി പറഞ്ഞു. വര്‍ഷങ്ങളോളം ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയാണ് എഴുന്നേറ്റു നടക്കാന്‍ ലക്ഷ്മിയെ പ്രാപ്തയാക്കിയത്. മരുന്നുകള്‍ ഇപ്പോഴും കഴിക്കുന്നുണ്ട്. മരുന്നിനും ആശുപത്രി ചിലവുകള്‍ക്കുമായി ആഴ്ചയില്‍ 1500 രൂപയോളം ചെലവു വരുന്നതായി രാമന്‍ പറഞ്ഞു.
കാലിനു സ്വാധീനക്കുറവായതിനാല്‍ ലക്ഷ്മിക്ക് വീട്ടുജോലികള്‍ ചെയ്യാന്‍ സാധ്യമല്ല. 2013ലാണ് ടിപ്പര്‍ കയറി ലക്ഷ്മിക്ക് അപടകം സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് മോട്ടോര്‍ ആക്‌സിഡന്റ് ക്രൈം ടൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും നഷ്ടപരിഹാരതുക ഇതുവരെ ലഭിച്ചില്ലെന്ന് രാമന്‍ പറഞ്ഞു. ലക്ഷ്മിക്ക് ഭിന്നശേഷി പെന്‍ഷനും രാമനു വയോജന പെന്‍ഷനും ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും യഥാസമയം ലഭിക്കുന്നില്ല.
ടൗണില്‍ ലോട്ടറി വിറ്റാണ്ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."