വരവൂര്‍ ആണ്ടുനേര്‍ച്ചക്ക് തുടക്കം
ചെറുതുരുത്തി: വരവൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് കുട്ടി മസ്താനുപ്പാപ്പയുടെ പതിനെട്ടാമത് ആണ്ടുനേര്‍ച്ചക്ക് ഉജ്ജ്വല തുടക്കം. ട്രസ്റ്റ് അംഗങ്ങള്‍ ചേര്‍ന്ന് പതാക ഉയര്‍ത്തിയോട് കൂടിയാണ് 31 വരെ നടക്കുന്ന ആണ്ടുനേര്‍ച്ച ചടങ്ങുകള്‍ ആരംഭിച്ചത്.
നാനാജാതി മതസ്ഥരായ നിരവധി പേരുടെ സാന്നിധ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി പ്രൊ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രമുഖ പ്രഭാഷകനും സമസ്ത തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എ.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് അധ്യക്ഷനായി. സമസ്ത എറണാംകുളം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. മഖാം ട്രസ്റ്റ് അംഗം ഷൗക്കത്തലി ഓണംപ്പിള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.
സമസ്ത തലപ്പിള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി ശിയാസ് അലി വാഫി, ജിസാന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് സലീം അന്‍വരി വരവൂര്‍, മഹല്ല് ഖത്തീബ് അഷറഫ് അഹ്‌സനി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഷെഹീര്‍ ദേശമംഗലം, സമസ്ത ജില്ലാ മുശാവറ അംഗം സഹല്‍ ഫൈസി ഓടക്കാലി, ട്രസ്റ്റ് പ്രസിഡന്റ് മുഹമ്മദലി ഓണംമ്പിള്ളി, ജനറല്‍ സെക്രട്ടറി വി.ബി ഷെരീഫ് , സിറാജ് കാലടി, ഇബ്രാഹീം സാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.മുഹമ്മദ് ഫാഹിസ് ഖിറാഅത്ത് നടത്തി. ഖുത്തുബിയത്തിന് സയ്യിദ് ഷെഫീഖ് തങ്ങള്‍ ഫൈസി നേതൃത്വം നല്‍കി. നേര്‍ച്ചയോട് അനുബന്ധിച്ച് ഇന്നലെ മുതല്‍ മാര്‍ച്ച് 30 വരെ രാത്രി എഴുമുതല്‍ 10വരെ മഖാമില്‍ എത്തുന്നവര്‍ക്കുള്ള അന്നദാനത്തിനും തുടക്കം കുറിച്ചു.
കഴിഞ്ഞ ദിവസം പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണ വിതരണം നടത്തി.രണ്ടാം ദിവസമായ ഇന്നത്തെ പരിപാടികള്‍ മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം യൂ.പി മുഹമ്മദ് മുസ്‌ലിയാര്‍ മാത്തുരിന്റെ നേതൃത്വത്തില്‍ ദിക്‌റ് മജിലിസോട് കൂടി ആരംഭിക്കും.
രാത്രി 8.30ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന്റെ ഉദ്ഘാടനം കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി ഉദ്ഘാടനം ചെയ്യും. ഉസ്താദ് എ.എം നൗഷാദ് ബാഖവി ആമുഖ പ്രഭാഷണം നടത്തും. ഉസ്താദ് ഹസന്‍ സഖാഫി പൂകോട്ടൂര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. സഹല്‍ ഫൈസി ഓടക്കാലി മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."