മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിയ മൂന്ന് ആര്.എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍
മട്ടന്നൂര്‍: മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെല്ലൂന്നിയിലെ പി.വി സച്ചിന്(24), മട്ടന്നൂര്‍ കൊക്കയിയെ കെ.വി സുജി(21), നീര്‍വേലിയിലെ പി.വി വിജിത്ത്(20) എന്നിവരാണ് അറസ്റ്റിലായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഇന്നലെ രാവിലെ മൂന്നുപേരെയും മട്ടന്നൂര്‍ സി.ഐ ജോഷി ജോസും സംഘവും അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പതു ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിരുന്നത്. ഞായറാഴ്ച വൈകിട്ട് മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ പഴയ മദ്യഷോപ്പിനു സമീപത്തുണ്ടായ അക്രമത്തിലാണ് നാലു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. സംഭവത്തിനു ശേഷം അക്രമികളില്‍ നാലുപേര്‍ ഒരു ബൈക്കില്‍ കയറി പോകുന്ന സി.സി.ടിവി ദൃശ്യം പൊലിസിനു ലഭിച്ചിരുന്നു. ഇതില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് മൂന്നുപേരെ അറസ്റ്റു ചെയ്തത്. പ്രതികളെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."