നിര്‍മാണത്തിലെ അപാകത; റബറൈസ്ഡ് റോഡ് തകരുന്നു
കൂറ്റനാട്: ജില്ലയിലെ പ്രധാനപാതയായ പെരുമ്പിലാവ് പട്ടാമ്പി പാതയില്‍ റബറൈസ്ഡ് റോഡ് തകര്‍ന്ന അവസ്ഥയില്‍. കോടികള്‍ ചെലവഴിച്ച് ഉന്നത ഗുണമേന്മയില്‍ നിര്‍മിച്ച പാതയുടെ പ്രധാന ഭാഗങ്ങള്‍ക്കാണ് തകര്‍ച്ച.
പട്ടാമ്പി പാലം കഴിഞ്ഞാല്‍ റോഡിന്റെ പലയിടങ്ങളിലും ഉപരിതലത്തിലെ ടാര്‍ അടര്‍ന്നുപോയ നിലയിലാണ്. ലോകബാങ്കിന്റെ സഹകരണത്തില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടാണ് (കെ.എസ്.ടി.പി.) പദ്ധതി പൂര്‍ത്തിയാക്കിയത്. പെരുമ്പിലാവ് മുതല്‍ പട്ടാമ്പിവരെയുള്ള 20 കിലോമീറ്റര്‍ റോഡ് 2018 ഒക്ടോബറിലാണ് പൊതുമരാമത്ത് വകുപ്പിന് കെ.എസ്.ടി.പി. കൈമാറിയത്.
ജില്ലാ അതിര്‍ത്തിയായ ചാലിശ്ശേരി തണത്തറ പാലം കഴിഞ്ഞ് കൂറ്റനാട് അങ്ങാടിവരെയുള്ള റോഡില്‍ ടൗണില്‍ റോഡിന് നടുവിലായി ചെറിയകുഴി രൂപപ്പെട്ടിട്ടുണ്ട്. കൂറ്റനാട് മുതല്‍ പട്ടാമ്പിവരെയുള്ള റോഡില്‍ കൂട്ടുപാത അങ്ങാടി, വാവന്നൂര്‍, ഞാങ്ങാട്ടിരി, മാട്ടായ, കൂട്ടുപാത പെട്രോള്‍പമ്പ് എന്നിവിടങ്ങളിലെ റോഡിന്റെ ഉപരിതലത്തെയും വശങ്ങളിലെയും ടാര്‍ ഭാഗികമായി അടര്‍ന്നുപോയിരിക്കുകയാണ്. അവയില്‍ കുട്ടുപാത പെട്രോള്‍ പമ്പിന് സമീപത്തെ ഇറക്കത്തിലെ റോഡില്‍ വലിയ ഗര്‍ത്തങ്ങളാണ്. വാവന്നൂരിനും കട്ടില്‍മാടത്തിനും ഇടയിലായി റോഡുതകര്‍ന്ന സ്ഥലത്ത് ഒന്നിടവിട്ടദിവസങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ഇവിടെ റോഡിലെ ടാര്‍ മുഴുവനായി പൊളിഞ്ഞുപോയി റോഡിനടിയിലെ വെളുത്തപാളി പുറത്തുകാണുന്ന അവസ്ഥയിലാണ്. പാതയില്‍ മുന്‍പ് തകര്‍ച്ചസംഭവിച്ച സ്ഥലങ്ങളില്‍ അഞ്ചുലക്ഷം രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നതാണ്.
അപകടങ്ങളും തുടങ്ങി
അറ്റകുറ്റപ്പണി നടത്തിയ സ്ഥലങ്ങളിലെ ടാര്‍ പൊളിഞ്ഞു പോയിരിക്കുകയാണ്. കൂട്ടുപാതയില്‍ റോഡ് തകര്‍ന്നഭാഗത്ത് ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് വ്യത്യസ്ഥ വാഹന അപകടങ്ങളിലായി എട്ടോളം പേര്‍ക്ക് പരുക്കുപറ്റിയിരുന്നു. റബറൈസ്ഡ് റോഡായതിനാല്‍ അമിതവേഗത്തില്‍ വരുന്നവാഹനങ്ങള്‍ കുഴികള്‍ കാണാതെ, വാഹനത്തിന്റെ നിയന്ത്രണംവിട്ടുള്ള അപകടങ്ങളുംപാതയില്‍പതിവായിരിക്കുകയണ്
നടപടി പരിഗണനയില്‍
പട്ടാമ്പി പെരുമ്പിലാവ് പാതയില്‍ നിലവില്‍ 5.5 മീറ്റര്‍ വീതിയിലാണ് ടാറിങ്ങുള്ളത്. പാതയുടെ വീതി 7.5 മീറ്റര്‍ ആക്കുകയും റോഡിന്റെ തകര്‍ച്ചയ്ക്ക് പരിഹാരമായ പ്രവര്‍ത്തനം നടത്തുന്നതിനുമുള്ള നടപടി പരിഗണനയിലാണ്. സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭ്യമാവണമെന്ന് പൊതുമരാമത്ത് വിഭാഗം സനല്‍ തോമസ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ തൃത്താല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."