സമയക്രമം പാലിക്കാന്‍ കഴിയുന്നില്ലെന്ന് ബസുടമകള്‍
കൊപ്പം: റോഡ് പണി നടക്കുന്നതിനാല്‍ പുലാമന്തോള്‍-പട്ടാമ്പി, വളാഞ്ചേരി-പട്ടാമ്പി റൂട്ടുകളില്‍ സമയക്രമം പാലിച്ച് ഓടാന്‍ കഴിയുന്നില്ലെന്ന് ബസുടമകളുടെ പരാതി.
പണി നടക്കുന്ന രണ്ടും മൂന്നും ഇടങ്ങളിലായി ഏറെ സമയം കാത്തുനിന്നാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. ഓര്‍ഡിനറി ബസുകള്‍ക്ക് പെരിന്തല്‍മണ്ണ-പട്ടാമ്പി റൂട്ടില്‍ 50മിനിറ്റും വളാഞ്ചേരി-പട്ടാമ്പി റൂട്ടില്‍ 55മിനിറ്റുമാണ് ആകെ അനുവദിച്ചിട്ടുള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍ണ്ണയിച്ച ഈ സമയക്രമത്തിലാണ് ഇന്നും ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. വളാഞ്ചേരിയില്‍ നിന്ന് പുറപ്പെടുന്ന ബസ്സ് മുപ്പത്തിമൂന്ന് മിനിറ്റ് കൊണ്ട് കൊപ്പത്ത് എത്തുകയും അതിനിടയില്‍ മുപ്പത്തിയാറ് ഔദ്യോഗിക സ്റ്റോപ്പുകളിലും മറ്റു അനൗദ്യോഗിക സ്റ്റോപ്പുകളിലും നിര്‍ത്തി യാതക്കാരെ കയറ്റിയിറക്കുകയും വേണമെന്നത് ഇവര്‍ നേരിടുന്ന വലിയ ഒരു പരീക്ഷണമാണ്. കൊപ്പം-പട്ടാമ്പിക്കിടയില് പെരിന്തല്‍മണ്ണയിലേക്കുള്ള ബസ്സുകള്‍ പത്തൊന്‍പതും, വളാഞ്ചേരി ബസ്സുകള്‍ ഇരുപത്തിരണ്ടും മിനിറ്റ് കൊണ്ടാണ് ഓടിയെത്തേണ്ടത്.
ഈ സമയത്തിനുള്ളില്‍ ഓടിയെത്താന്‍ ശ്രമിച്ചാല്‍ 'ബസ്സുകളുടെ മരണപ്പാച്ചില്‍' എന്ന ചീത്തപ്പേരും ബാക്കിയാകും. കൂടാതെ വേഗത കൂടിയതിനും, ഹോണ്‍ അടിച്ചതിനും, പൊടിപാറിയതിനും വരെ മറ്റുവാഹന ഡ്രൈവര്‍മാരില്‍നിന്നും അസഭ്യം കേള്‍ക്കേണ്ടി വരികയും രാവിലെ മുതല്‍ പലരുമായും കലഹിക്കേണ്ടി വരുന്നതായും ഇവര്‍ പരാതിപ്പെടുന്നു.
പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയില്‍ നിന്നും വരുന്ന ബസ്സുകള്‍ കൊപ്പത്തുവെച്ച് യാത്ര അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബസ്സുടമകള്‍. പ്രതിഷേധസൂചകമെന്നോണം വളാഞ്ചേരിയില്‍ നിന്നുള്ള ചില ബസ്സുകള്‍ ഇന്നലെ കൊപ്പത്ത് വെച്ച് സര്‍വ്വീസ് അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."