മറിയക്കുട്ടി വധം സി.ബി.ഐ സംഘം എത്തി
ചെറുപുഴ: കാക്കേഞ്ചാല്‍ പടത്തടത്തെ മറിയക്കുട്ടി(70) കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിലെ സി.ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം മനോജിന്റെ നേതൃത്വത്തിലെത്തിയ അന്വേഷണ സംഘം മറിയക്കുട്ടി താമസിച്ചിരുന്ന വീടും പരിസരവും പരിശോധിച്ചു. ബന്ധുക്കളോടും സമീപവാസികളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന മറിയക്കുട്ടിയെ കൊലചെയ്യപ്പെട്ട നിലയില്‍ കാണുന്നത്. ആദ്യം ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ക്രൈംബ്രാഞ്ചിനും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതിനെതുടര്‍ന്ന് മറിയക്കുട്ടിയുടെ ബന്ധുക്കള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26ന് ജസ്റ്റിസ് കമാല്‍പാഷ മറിയക്കുട്ടി വധം സി.ബി.ഐ അന്വേഷിക്കുവാന്‍ ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."