കുതിച്ചുകയറി കോഴിവില
കണ്ണൂര്‍: ട്രോളിങ് നിരോധനവും മത്സ്യത്തില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നുണ്ടെന്ന വ്യാപക പ്രചാരണവും വന്നതോടെ ഇറച്ചിക്കോഴി വില്‍പന പൊടിപൊടിക്കുന്നു. നിലവില്‍ 130-140 റേറ്റിലാണ് ജില്ലയില്‍ കോഴിയിറച്ചി വില്‍പന. നേരത്തെ നിപ ബാധിച്ച് നിരവധി മരണങ്ങള്‍ ഉണ്ടായസമയത്ത് പക്ഷിയിറച്ചിയിലും നിപ ബാധ ഉണ്ടാകുമെന്ന് ഭയന്ന് ആരും കോഴി വാങ്ങാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ നിപ ഭീതി ഇല്ലാതാകുകയും മത്സ്യവില്‍പന മന്ദഗതിയിലാകുകയും ചെയ്തതോടെയാണ് കോഴിയിറച്ചി വില വര്‍ധിച്ചത്.
കഴിഞ്ഞ 15 ദിവസങ്ങളിലായാണ് വില കുതിച്ചുകയറിയത്. നേരത്തെ 90-100 എന്നിങ്ങനെയായിരുന്നു വില. ഇതരസംസ്ഥാന ലോബി ഉല്‍പാദനം കുറച്ചതും വിപണിയില്‍ വില കൂടാന്‍ കാരണമായി. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് കോഴിയിറച്ചിക്ക് 180 രൂപയോളമാണ് ഉണ്ടായിരുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ചരക്കുസേവന നികുതി 2017 ജൂലൈ ഒന്നിന് നിലവില്‍ വന്നതോടെയാണ് കോഴിയിറച്ചിയുടെയും നികുതി വര്‍ധിച്ചത്.
ഒപ്പം തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഉല്‍പാദനം നിര്‍ത്തുകയും ചെയ്തതോടെ വില കുതിച്ചുകയറി. പിന്നീട് കോഴിയിറച്ചിയുടെ 14.5 ശതമാനം നികുതി ഒഴിവാക്കിയതോടെയാണ് വില സാധാരണ നിലയിലായത്. നിലവില്‍ മത്സ്യവില്‍പന താഴോട്ട് പോയതോടെ കഴിഞ്ഞവര്‍ഷത്തെ അതേരീതിയില്‍ മുകളിലേക്കാണ് കോഴിയിറച്ചിയുടെ വില പോകുന്നത്. വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രിയാത്മകമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടല്‍ ഭക്ഷണത്തിനടക്കം വില കൂടുന്ന സാഹചര്യമാണ് നിലവില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."