സതിയുടെ സ്‌നേഹഭാഷണം കേട്ട് പുസ്തകങ്ങളുമായി ചങ്ങാത്തം കൂടി കുരുന്നുകള്‍
കാഞ്ഞങ്ങാട്: പുസ്തക ചങ്ങാത്തത്തിലൂടെ തന്റെ ജീവിതത്തിന്റെ വ്യാകുലതകളും വേദനകളും മറന്ന സതിയുടെ സ്‌നേഹഭാഷണം വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. വായനാപക്ഷത്തില്‍ ഹെലന്‍ കെല്ലര്‍ ദിനത്തിലാണ് കൊടക്കാട് പൊള്ളപ്പൊയിലിലിലെ സതി മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളിലെ സ്‌കൂള്‍ ആകാശവാണിയിലൂടെ കുട്ടികളുമായി സംവദിച്ചത്. ജന്മനാ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ്പ് 2 എന്ന രോഗം ബാധിച്ചതിനാല്‍ എല്‍.പി സ്‌കൂളില്‍ വച്ചു തന്നെ വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്ന സതിക്ക് അച്ഛന്‍ നാടന്‍ കലാപണ്ഡിതനും അധ്യാപകനുമായ സിവിക് കൊടക്കാട് ആണ് പുസ്തക ചങ്ങാത്തത്തിലൂടെ ജീവിതത്തില്‍ വേറിട്ട വഴി തുറന്നു കൊടുത്തത്.
ബാലസാഹിത്യത്തിലൂടെ തുടങ്ങി മറ്റു സാഹിത്യ ശാഖകളിലേക്ക് എത്തിയ സതിയുടെ പരന്ന വായന ആസ്വാദന കുറിപ്പുകള്‍ രേഖപ്പെടുത്തുന്നതിലേക്കു വളര്‍ന്നു.
ക്രമേണ എഴുത്തുകാരുമായി തൂലികാസൗഹൃദമുണ്ടാക്കി. അങ്ങനെ ഈ പ്രായത്തിനിടയില്‍ സതി വായിച്ചു തീര്‍ത്തത് മൂവായിരത്തിലധികം പുസ്തകങ്ങള്‍. പുസ്തകത്തെ ജീവിതത്തില്‍ എല്ലാ ദുഃഖങ്ങളും മറക്കുന്നതിനുള്ള ചങ്ങാതിയാക്കി മാറ്റുമെന്നും സ്വന്തം ജീവിതത്തെ സാക്ഷിയാക്കി നിര്‍ത്തിക്കൊണ്ട് സതി പറഞ്ഞു.
എല്ലാ കൂട്ടുകാരെയും വീട്ടിലേക്കു ക്ഷണിച്ചു കൊണ്ടാണ് സതി സംഭാഷണം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."