ലഹരിവിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ റാലിക്കു തുടക്കമായി
തൃക്കരിപ്പൂര്‍: യുവ തലമുറ നല്ല ശീലങ്ങള്‍ക്ക് അടിമകളാകണമെന്ന സന്ദേശമുയര്‍ത്തി പിടിച്ച് ജില്ലാ പൊലിസ്, ജില്ലാ സൈക്കിള്‍ ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ജില്ലാതല സൈക്കിള്‍ റാലിക്ക് തൃക്കരിപ്പൂര്‍ ഉദിനുര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു തുടക്കമായി. ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസന്‍ നയിക്കുന്ന സൈക്കിള്‍ റാലി ഇന്ന് മഞ്ചേശ്വരത്തെ കുഞ്ചത്തൂരില്‍ സമാപിക്കും. സൈക്കിള്‍ റാലി കടന്നുപോകുന്ന വിവിധ സ്ഥലങ്ങളില്‍ പ്രമുഖ വ്യക്തിത്വങ്ങളുടെ ബോധവല്‍ക്കരണ ക്ലാസുകളുണ്ടാകും. ഉദിനൂര്‍ സ്‌കൂളില്‍ എം. രാജഗോപാലന്‍ എം.എല്‍.എ റാലി ഫഌഗ് ഓഫ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസന്‍ അധ്യക്ഷനായി. കാസര്‍കോട് എസ്.എം.എസ് സെല്‍ എ.എസ്.ഐ രാമകൃഷ്ണന്‍ പരിപാടികള്‍ വിശദീകരിച്ചു. പിടി.എ പ്രസിഡന്റ് പി.പി കുഞ്ഞികൃഷ്ണന്‍, ഡിവൈ.എസ്.പി പി.കെ സുധാകരന്‍, ജില്ലാ സൈക്കിള്‍ ക്ലബ് സെക്രട്ടറി രതീഷ് അമ്പലത്തറ, സ്‌കൂള്‍ പ്രധാനധ്യാപകന്‍ സി.കെ രവീന്ദ്രന്‍, നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ഉദിനൂര്‍ സ്‌കൂള്‍ കുട്ടിപൊലിസ്, മറ്റു വളണ്ടിയര്‍മാര്‍ സൈക്കിള്‍ റാലിയെ നടക്കാവ് വരെ അനുഗമിച്ചു.
പെരിയ: കാസര്‍കോട് പൊലിസ്, ജില്ലാ,സൈക്കിള്‍ ക്ലബ് സംയുക്ത നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സൈക്കിള്‍ റാലിക്ക് കേന്ദ്രസര്‍വകലാശാല എന്‍.എസ്.എസ്. സെല്‍ സ്വീകരണം നല്‍കി. ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് നയിക്കുന്ന റാലിയെ നൂറോളം വരുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാരും വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു സ്വീകരിച്ചു. സെല്‍ കോഓര്‍ഡിനേറ്റര്‍ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ് സംഘത്തെ സ്വാഗതം ചെയ്തു. ഡോ. ശ്രീനിവാസ് വിദ്യാര്‍ഥികളോട് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."