ചങ്ങനാശേരി നഗരസഭ ചെയര്മാന് പദവി ജോസഫ് വിഭാഗത്തിന്
ചങ്ങനാശേരി: മാസങ്ങളായി നീണ്ടുനിന്ന കേരള കോണ്‍ഗ്രസുകളുടെ കിടമത്സരത്തിനൊടുവില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന നഗരസഭ ചെയര്മാന് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഉന്നതാധികാര സമിതി അംഗം സാജന് ഫ്രാന്‍സിസ് ചെയര്മാന് ആയി തെരഞ്ഞെടക്കപ്പെട്ടു.
ഒരുവോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സാജന് ഫ്രാന്‍സിസ് തെരഞ്ഞെടുക്കപ്പെട്ടത്. 37 അംഗ കൗണ്‍സിലില്‍ 36 അംഗങ്ങള്‍ പങ്കെടുത്തു. പതിനഞ്ചാം വാര്‍ഡ് പ്രതിനിധിയും വനിതാ സ്വതന്ത്ര അംഗവുമായ സന്ധ്യ മനോജ് വിട്ടുനിന്നു.
ആദ്യഘട്ട വോട്ടെടുപ്പില്‍ രണ്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതും ജോസഫ് വിഭാഗത്തിലെ തന്നെ ഒരു വോട്ട് അസാധുവായതും ആശങ്ക വര്‍ധിപ്പിച്ചു.
ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ നേടിയാണ് സാജന് ഫ്രാന്‍സിസിന്റെ ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി തോമസ് 15 വോട്ടുകള്‍ നേടി. ഒരു കോണ്‍ഗ്രസ് വോട്ട് അസാധുവായി.
വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷൈനി ഷാജി വിജയിച്ചു. 18 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷൈനിക്കു ലഭിച്ചത്.
ചെയര്മാന് സാജന് ഫ്രാന്‍സിസും വൈസ് ചെയര്‍പേഴ്സണ്‍ ഷൈനി ഷാജിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
അതേസമയം പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് വോട്ട് രേഖപ്പെടുത്തിയ കൗണ്‍സിലര്‍മാരായ ആതിര പ്രസാദിനേയും അനില രാജേഷിനേയും വോട്ട് അസാധുവാക്കിയ അംബിക വിജയനേയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."