രാമന്തളി മാലിന്യ പ്രശ്നം സമരസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു; 70ഓളം പേരെ അറസ്റ്റു ചെയ്തു നീക്കി
പയ്യന്നൂര്‍: രാമന്തളി മാലിന്യ പ്രശ്നത്തില്‍ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം അമ്പതു ദിവസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഉപരോധക്കാരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. എഴുപതോളം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഇന്നലെ രാവിലെയാണ് ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി ശങ്കരനാരായണ ക്ഷേത്രത്തിനു മുന്നില്‍ റോഡ് ഉപരോധിച്ചത്. സമരം കെ.പി.സി നാരായണ പൊതുവാള് ഉദ്ഘാടനം ചെയ്തു. പതിനൊന്ന് മണിയോടെയാണ് പയ്യന്നൂര്‍ എസ്.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കാന്‍ ശ്രമിച്ചത്.
മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ഉപരോധത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചതോടെ പൊലിസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ പൊലിസിനെ തടഞ്ഞു.
തുടര്‍ന്ന് പയ്യന്നൂര്‍ സി.ഐ ആസാദിനെ നേതൃത്വത്തില്‍ വനിതാ പൊലിസുകാരടക്കം സ്ഥലത്തെത്തി 70ഓളം സമരസമിതി പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് പൊലിസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രവര്‍ത്തകരെ ജ്യാമത്തില്‍ വിട്ടയച്ചു.
സമര സമിതി ഭാരവാഹികളായ കണ്‍വീനര്‍ കെ.പി രാജേന്ദ്രന്, വിനോദ് കുമാര്രാമന്തളി, സുനില്‍ രാമന്തളി, കെ.ടി രതീഷ്, കെ.എം അരുണ്‍ ബാബു എന്നിവരെ റിമാന്‍ഡ് ചെയ്തു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതറിഞ്ഞ് നിരവധിയാളുകള്‍ സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."