ശുചീകരണത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണം: എം.എല്‍.എ
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരത്തില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പനി പടര്‍ന്നു പിടിക്കാതിരിക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചില കെട്ടിടങ്ങളില്‍ ആവശ്യമായ ശുചിത്വ സംവിധാനം ഒരുക്കാത്തതാണ് മലിനജലം കെട്ടിക്കിടക്കാനും കൊതുക് വളരാനും കാരണമായത്. തലശേരി റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന ലിങ്ക് മാള്‍ കെട്ടിടത്തിന്റെ പുറക് വശം മാലിന്യം കെട്ടിക്കിടക്കുന്നതും ഓവുചാല്‍ ചുരുക്കി കെട്ടിയതായും സ്ഥലം പരിശോധിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലൂടെ മലിന ജലം ഒഴുകുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകണം. നഗരത്തിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മഹാദേവ ക്ഷേത്രം, തലശേരി റോഡ് പരിസരങ്ങളിലെ താമസക്കാര്‍ക്കുമാണ് കൂടുതലായും പനി ബാധിച്ചിട്ടുള്ളത്. പനി ബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. ശുചീകരണത്തിനും പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനും ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."