പള്ളിക്കര റെയില്‍വേ മേല്‍പാലം വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കാന്‍ തുടങ്ങി
നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പാലം നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാതയോരത്തുള്ള വീടുകളും ബഹുനില കെട്ടിടങ്ങളും പൊളിച്ചു നീക്കാന്‍ തുടങ്ങി. റെയില്‍വേ ഗേറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് പാതയുടെ ഇരുവശങ്ങളിലുള്ള വീടുകളാണ് കരാറുകാരന്റെ തൊഴിലാളികള്‍ ദ്രുതഗതിയില്‍ പൊളിച്ചു നീക്കുന്നത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാലേ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയുകയുള്ളു. റെയില്‍വേ ഗേറ്റിന്റെ സമീപത്തെ വന്‍മരങ്ങളും മുറിച്ചു മാറ്റിയിട്ടുണ്ട്. ഓഗസ്റ്റിനകം തന്നെ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചു നീക്കാന്‍ കഴിയുമെന്നു കരാറുകാരന്‍ പറഞ്ഞു.
കൊച്ചി ആസ്ഥാനമായുള്ള ഇ.കെ.കെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം നിര്‍മാണത്തിന്റെ കരാറുകാര്‍. 65 കോടി രൂപയാണ് പാലത്തിന്റെ എസ്റ്റിമേറ്റ് തുക. ഏഴര മീറ്ററിലായി രണ്ടു വരി പാതയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. പിന്നീട് ദേശീയപാത വീതി കൂട്ടുന്ന നേരത്ത് പാത വീണ്ടും വികസിപ്പിക്കും. 20 വര്‍ഷത്തോളമായി അനിശ്ചിതത്വത്തിലായ പാലമാണ് പള്ളിക്കര മേല്‍പാലം. പല തവണ സ്ഥലമേറ്റെടുപ്പും മറ്റും നടന്നുവെങ്കിലും മേല്‍പാലത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.
അവസാനം പി. കരുണാകരന്‍ എം.പി നിരാഹാര സമരം നടത്തുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം നടത്തുകയും ചെയ്തതിനുശേഷം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയും ദേശീയപാത അതോറിറ്റി ചെയര്‍മാനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് പാലം നിര്‍മാണത്തിന് അംഗീകാരം നല്‍കിയത്.
പാലം പണിയുടെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങിനു പി.ണ്ടണ്ടകരുണാകരന്‍ എം.പി കഴിഞ്ഞ ഏപ്രിലില്‍ ക്ഷണപത്രം നല്‍കിയിരുന്നെങ്കിലും സി.പി.എം മുതലെടുക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി ഇടയുകയും കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിയെ ഉദ്ഘാടനത്തിനുവേണമെന്നു പറയുകയുമായിരുന്നു.
എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായ ഗഡ്കരി ഉദ്ഘാടനത്തിനെത്തിയില്ല. ഇതേ തുടര്‍ന്നു തര്‍ക്കം ഉടലെടുത്തതോടെ പാലംനിര്‍മാണം അനിശ്ചിതത്വത്തലായി. എന്നാല്‍ കരാറെടുത്ത കമ്പനി ഉദ്ഘാടനത്തിനു കാത്തു നില്‍ക്കാതെ കെട്ടിടം പൊളിക്കുന്ന പണി ആരംഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."