ദുരിതമൊഴിയാതെ കുറ്റ്യാടി ബസ് സ്റ്റാന്‍ഡ്
കുറ്റ്യാടി: കടുത്ത വേനലില്‍ പൊടിശല്യവും മഴക്കാലമാകുന്നതോടെ ചളിക്കുളവുമാകുന്ന കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് തീരാദുരിതം.
സ്റ്റാന്‍ഡില്‍ ബസുകള്‍ കയറിത്തുടങ്ങിയിട്ട് ആറു മാസം പിന്നിട്ടിട്ടും ഗ്രൗണ്ട് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നടപടികളില്ലാത്തതാണ് ഈ ദുരവസ്ഥയ്ക്കിടയാക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ് മണ്ണിളകിയ സ്റ്റാന്‍ഡില്‍ നിന്ന് മെറ്റല്‍ ചീളുകള്‍ തെറിച്ച് യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും പതിവാണ്. അതിനിടെ കോണ്‍ക്രീറ്റ് പ്രവൃത്തി വൈകുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. സ്റ്റാന്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ 2016-17പദ്ധതിയില്‍ തുക വകയിരുത്തിയെങ്കിലും പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല.
നിലവിലുള്ള ഗ്രൗണ്ടില്‍ കോണ്‍ക്രീറ്റ് ചെയ്താല്‍ മഴവെള്ളം കടമുറികളിലേക്കും വരാന്തയിലേക്കും പരന്നൊഴുകുന്ന സ്ഥിതിയാവും. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റും ഷീറ്റുകളും വരാന്തയില്‍ പതിച്ച ടൈലുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
നിര്‍മാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സിക്ക് ട്രാക്ക് അനുവദിച്ചതിനെച്ചൊല്ലി സ്വകാര്യ ബസുകളുമായുള്ള തര്‍ക്കവും തുടരുകയാണ്. പഞ്ചായത്ത് അനുവദിച്ച ട്രാക്കില്‍ ബസ് നിര്‍ത്താതെ വടകര ഭാഗത്തേക്കുള്ള ബസുകള്‍ക്ക് അനുവദിച്ച ട്രാക്കിലാണ് കോഴിക്കോട് ഭാഗത്തേക്കു പോകേണ്ട ബസുകള്‍ നിര്‍ത്തിയിടുന്നത്.
ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. സ്റ്റാന്‍ഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."