HOME
DETAILS
MAL
കണ്ണൂര്‍ കോര്പറേഷന്: മേയര്‍ സുമാ ബാലകൃഷ്ണന് രാജിവച്ചു
backup
June 13 2020 | 04:06 AM
പി.കെ രാഗേഷ് വീണ്ടും ഡെപ്യൂട്ടി മേയര്‍
കണ്ണൂര്‍: കോര്പറേഷന് മേയര്‍ സുമാ ബാലകൃഷ്ണന് രാജിവച്ചു. ഇന്നലെ നടന്ന ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് രാജി. കോണ്‍ഗ്രസ്, മുസ്ലിംലീഗ് ധാരണയെ തുടര്‍ന്നാണു സുമാ ബാലകൃഷ്ണന് രാജിവച്ചത്. മുസ്ലിംലീഗിലെ സി. സീനത്ത് മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐയിലെ വെള്ളോറ രാജനെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് പിന്തുണച്ച സ്വതന്ത്ര അംഗം പി.കെ രാഗേഷ് രണ്ടാംതവണയും ഡെപ്യൂട്ടി മേയറായത്. ഇന്നലെ ഉച്ചയ്ക്ക് പി.കെ രാഗേഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അധ്യക്ഷതവഹിച്ച ശേഷം ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലും പങ്കെടുത്ത ശേഷമാണ് സുമാ ബാലകൃഷ്ണന് രാജിക്കത്ത് കോര്പറേഷന് സെക്രട്ടറി ഡി. സാജുവിനു കൈമാറിയത്. മേയറായിരുന്ന സി.പി.എമ്മിലെ ഇ.പി ലതയ്ക്കെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിനുപിന്നാലെ കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണു സുമ മേയറായി ചുമതലയേറ്റിരുന്നത്. പി.കെ രാഗേഷ് 28 വോട്ടും വെള്ളോറ രാജന് 27 വോട്ടും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."