ചെമ്മീന്‍ ചാകരയ്ക്കു പിന്നാലെ അയലയും; ആഹ്ലാദം അലതല്ലി മടക്കര
ചെറുവത്തൂര്‍: ട്രോളിങ് നിരോധനം ആരംഭിച്ചതുമുതല്‍ ആളൊഴിഞ്ഞു കിടന്നിരുന്ന മടക്കര തുറമുഖത്ത് ആഹ്ലാദം അലതല്ലി. തുടര്‍ച്ചയായ രണ്ടാം ദിവസവും ചാകരക്കോള്. കാലവര്‍ഷവും കടല്‍ക്ഷോഭവും ട്രോളിങ് നിരോധനവുമൊക്കെ കാരണം വറുതിയിലാണ്ട തീരപ്രദേശത്തിന് ആശ്വാസമായി ആദ്യമെത്തിയത് ചെമ്മീന്‍ ചാകരയായിരുന്നു.
മടക്കര തുറമുഖത്തു നിന്നു തോണികളില്‍ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ച മടങ്ങിയെത്തിയത് വല നിറയെ പൂവാലന്‍ ചെമ്മീനുമായിട്ടായിരുന്നു.
ഇതിനു പിന്നാലെ ഇന്നലെ അയല ചാകര കൂടിയായപ്പോള്‍ തുറമുഖം സജീവമായി.
ചാകരയെന്നറിഞ്ഞു ഇതരജില്ലകളില്‍ നിന്നുപോലും വ്യാപാരികള്‍ മടക്കരയില്‍ എത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ഉണ്ടെന്ന വാര്‍ത്ത വന്നതോടെ രണ്ടാഴ്ചക്കാലവുമായി മത്സ്യ വിപണി പ്രതിസന്ധിയിലായിരുന്നു.
മടക്കരയില്‍ വല്ലപ്പോഴും എത്തിയിരുന്ന പരമ്പരാഗത വള്ളങ്ങളില്‍ എത്തിയിരുന്ന മീനിനു തീവിലയും നല്‍കേണ്ടിവന്നു. കിലോയ്ക്ക് 370 രൂപ വരെ ഈടാക്കിയിരുന്ന അയലയ്ക്ക് ഇന്നലെ 170 രൂപയായിരുന്നു വില. ചെമ്മീനും ഏതാണ്ട് ഇതേ വില നിലവാരമായിരുന്നു.
ചാകര വാര്‍ത്ത പരന്നതോടെ വീട്ടാവശ്യങ്ങള്‍ക്കായി പൊതുജനങ്ങളും മടക്കരയില്‍ എത്തി. കഴിഞ്ഞ മാസം പകുതിയോടെ ആരംഭിച്ച ട്രോളിങ് നിരോധനം കാരണം മത്സ്യത്തിന്റെ ലഭ്യത കുറയുകയും അതു സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ നിത്യജീവിതത്തെ ബാധിക്കുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളിലും ഇതേ രീതിയില്‍ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."