ജനങ്ങളെ ദുരിതത്തിലാക്കി ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
നാദാപുരം: ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ ക്യാംപ് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ജോലിക്കാരും ഡാറ്റകള്‍ എന്‍ട്രി ചെയ്യാനാവശ്യമായ കംപ്യൂട്ടറുകളും പുതുക്കല്‍ കേന്ദ്രങ്ങളില്‍ ഇല്ലാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. ഒരു പഞ്ചായത്തില്‍ രണ്ടു ദിവസത്തെ ക്യാംപാണ് കാര്‍ഡ് പുതുക്കാനായി ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്തിലെ മൊത്തം വാര്‍ഡുകളെ പകുതിയാക്കിയാണ് ആളുകള്‍ക്ക് രണ്ടു ദിവസം കൊണ്ട് പുതുക്കാനുള്ള അവസരം നല്‍കുന്നതും കേന്ദ്രങ്ങള്‍ നിശ്ചയിക്കുന്നതും.
എന്നാല്‍ പല പഞ്ചായത്തുകളിലും വാര്‍ഡുകളുടെ എണ്ണം ഇരുപതിന് മുകളിലാണ്. ഒരുദിവസം പത്തിലധികം വാര്‍ഡുകളിലെ കാര്‍ഡുടമകള്‍ക്കാണ് കാര്‍ഡുകള്‍ പുതുക്കി നല്‍കേണ്ടത്. ഇതോടെ ജനങ്ങള്‍ കൂട്ടമായി കേന്ദ്രങ്ങളില്‍ എത്തുന്നതോടെ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വളയം പഞ്ചായത്തില്‍ നടന്ന ക്യാംപില്‍ ഏഴു വാര്‍ഡുകളില്‍ നിന്നായി 2500ഓളം ആളുകളാണ് വളയം സ്‌കൂളിലെത്തിയത്. രണ്ടായിരത്തിലധികം ടോക്കണുകളാണ് ഇന്നലെ വിതരണം ചെയ്തത്. എന്നാല്‍ വൈകുന്നേരമായിട്ടും പകുതി പേര്‍ക്കു മാത്രമാണ് രജിസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നാണ് അറിയുന്നത്.
ഇതോടെ ഇരുപത് കിലോമീറ്റര്‍ അകലെയുള്ള കണ്ടിവാതുക്കലില്‍ നിന്നെത്തിയ ആദിവാസികളടക്കം ഭക്ഷണവും വെള്ളവും കിട്ടാതെ അവശരായി. രാവിലെ മുതല്‍ തങ്ങളുടെ ഊഴവും കാത്തുനിന്നവരില്‍ ചിലര്‍ തളര്‍ന്നുവീഴുകയും ചെയതു. ഇത് നാട്ടുകാരും അധികൃതരും തമ്മില്‍ വാക്കുതര്‍ക്കത്തിനിടയാക്കി.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. സുമതിയും വൈസ് പ്രസിഡന്റ് എന്‍.പി കണ്ണന്‍ മാസ്റ്ററും സ്ഥലത്തെത്തി ജീവനക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
അവസാനം കാര്‍ഡ് പുതുക്കാന്‍ ബാക്കിയുള്ളവര്‍ക്ക് മറ്റൊരു ദിവസംകൂടി അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഒരു ദിവസം ആയിരം പേരുടെ കാര്‍ഡ് പുതുക്കാന്‍ മാത്രമേ അനുമതിയുള്ളൂ എന്നും എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് തിരക്കിനിടയാക്കുന്നതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."