പൊതുജന പങ്കാളിത്തത്തോടെയുളള ദുരന്തനിവാരണ പദ്ധതിയുമായി പറളി പഞ്ചായത്ത്
പാലക്കാട്:പ്രകൃതി ദുരന്തങ്ങള്‍ മൂലമോ മറ്റു കാരണങ്ങളാലോ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാന്‍ ദുരന്തനിവാരണ പദ്ധതിയുമായി പറളി പഞ്ചായത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ പഞ്ചായത്തുതലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍, പണം സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ എന്നിവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് അര്‍ഹരായവര്‍ക്ക് നല്‍കും. ഇതിനായി പ്രത്യേക അക്കൗണ്ടും ആരംഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ജൈവസമ്പത്തിനെക്കുറിച്ചും സസ്യജാലങ്ങളെക്കുറിച്ചുമുള്ള ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാവുകയാണ്. പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും സര്‍വെ നടത്തി പരമ്പരാഗത കൃഷിരീതികള്‍, പ്രത്യേക ഇനം സസ്യങ്ങള്‍, മണ്ണിന്റെ ഘടന, നീര്‍ത്തടങ്ങള്‍, കാവുകള്‍, അപൂര്‍വ ഇനം പക്ഷികള്‍, അപൂര്‍വമായ നെല്‍വിത്തുകള്‍ തുടങ്ങിയ ജൈവവൈവിധ്യത്തിന്റെ കണക്കെടുപ്പ് നടത്തിയാണ് രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഹരിതകേരളം പദ്ധതികള്‍ക്കായി 2.75 ലക്ഷമാണ് വകയിരുത്തിയത്.
പഞ്ചായത്തിലെ അറുപതു ശതമാനത്തോളം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. അതിനാല്‍ നെല്‍കൃഷി, പച്ചക്കറികൃഷി, ക്ഷീരവികസനം, ജലസേചനം, മണ്ണ്-ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പ്രധാന്യം നല്‍കിയുള്ള രണ്ടു കോടിയുടെ പദ്ധതികളാണ് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രധാനമായും നടപ്പിലാക്കിയിട്ടുള്ളത്. കൂടാതെ ഭാരതപ്പുഴ നദീതട പുനരുജ്ജീവന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കാത്ത വീടുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഭവന പുനരുദ്ധാരണം, മേല്‍പ്പുര റിപ്പയറിങ് തുടങ്ങിയവയ്ക്കും ആനുകൂല്യം നല്‍കിയിട്ടുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള ജലനിധി പ്രൊജക്ടിലേക്ക് 94 ലക്ഷം രൂപയാണ് കൈമാറിയിരിക്കുന്നത്.
വനിതാവികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന മികച്ച ഒരു പദ്ധതിയാണ് ഷീപാഡ്. പഞ്ചായത്തിനു കീഴിലുള്ള മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. പറളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജി.യു.പി സ്‌കൂള്‍ തേനൂര്‍, ജി.യു.പി സ്‌കൂള്‍ എടത്തറ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറ് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സാനിട്ടറി നാപ്കിനുകളും ആര്‍ത്തവ ശുചിത്വ ബോധവത്ക്കരണ ലഘുലേഖകളും നല്‍കി വരുന്നു. സൗജന്യ സാനിറ്ററി നാപ്കിന്‍, ഇവ സൂക്ഷിക്കുന്നതിനുള്ള അലമാര, ഉപയോഗിച്ച പാഡുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇന്‍സിനേറ്ററുകള്‍
എന്നിവയാണ് സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 3.5 ലക്ഷമാണ് പദ്ധതിയുടെ ചെലവ്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാല് കാന്‍സര്‍ നിര്‍ണയ കാംപ് സംഘടിപ്പിച്ചു. 470പേര്‍ പങ്കെടുത്ത കാംപില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ക്ക് തുടര്‍ചികിത്സക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. അടുത്ത ഘട്ടം ഓഗസ്റ്റ് -സെപ്തംബര്‍ മാസങ്ങളിലായി നടത്തും.
ഇതിനുപുറമെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ കഴിഞ്ഞ കുട്ടികള്‍ക്ക് കേള്‍വി സഹായി, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍, പട്ടികജാതി വിഭാഗത്തില്‍പെട്ട യുവാക്കള്‍ക്ക് സ്വയംതൊഴിലിനായി ഓട്ടോറിക്ഷ, വനിതകള്‍ക്ക് പ്രതിരോധ പരിശീലന പരിപാടി, വയോജനങ്ങള്‍ക്ക് കട്ടില്‍, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, ലാപ്‌ടോപ്, പഞ്ചായത്തിലെ വിവിധ റോഡുകളുടെ നിര്‍മാണം തുടങ്ങിയ നിരവധി വികസനപദ്ധതികളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്ത് നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."