ഇന്ത്യയില്‍ സമൂഹ വ്യാപനം സംഭവിച്ചെന്നുള്ളത് സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സമൂഹ വ്യാപനം സംഭവിച്ചെന്നുള്ളത് സര്‍ക്കാര്‍ അംഗീകരിച്ചേ മതിയാകൂവെന്ന് വിദഗ്ധര്‍. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിടിവാശി ഒഴിവാക്കണമെന്നും പറയുന്നു.ഇന്ത്യയില്‍ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) നിലപാട് തെറ്റാണെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹവ്യാപനം നടന്നു കഴിഞ്ഞുവെന്ന് ഐ.സി.എം.ആര്‍ മുന്‍ ഡയരക്ടര്‍ ഡോ.എം.സി മിശ്ര പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനവും ലോക്ക് ഡൗണ്‍ ഇളവുകളും സമൂഹവ്യാപനത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യാതിരന്ന സ്ഥലങ്ങളിലും ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്.
ഐ.സി.എം.ആര്‍ നടത്തിയ സീറോ സര്‍വേയില്‍ 26,000 സാംപിളുകള്‍ മാത്രമാണ് പരിശോധിച്ചത്. രോഗവ്യാപന തോത് കണ്ടെത്താന്‍ ഇത് പര്യാപ്തമല്ലെന്നും മിശ്ര ചൂണ്ടികാണിക്കുന്നു.
ഇന്ത്യയില്‍ നേരത്തെ തന്നെ സമൂഹവ്യാപനമുണ്ടായിവെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു. ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ച 40% പേരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ലാ എന്നാണ്. ഇതു സൂചിപ്പിക്കുന്നത് സമൂഹവ്യാപനമാണ്.
ഇന്ത്യയില്‍ സമൂഹവ്യാപനമില്ലെന്ന ഐ.സി.എം.ആറിന്റെ വാദം അംഗീകരിച്ചാല്‍ തന്നെ ഡല്‍ഹി,അഹമ്മദാബാദ്,മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സമൂഹവ്യാപനം നടന്നു കഴിഞ്ഞുവെന്ന വസ്തുത മറക്കരുതെന്ന് പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ.അരവിന്ദ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."