ഖസാക്കിലെ വഴിയമ്പലംതേടി ബെന്യാമിന്റെ യാത്ര
പാലക്കാട്: ഖസാക്കിലെ വഴിയമ്പലംതേടിയായിരുന്നു ആടുജീവിതം എന്ന നോവലിലൂടെ മലയാളിയുടെ മരിച്ചു കൊണ്ടിരുന്ന വായനാബോധത്തെതിരിച്ചു കൊണ്ടു വന്ന ബെന്യാമിന്റെ തസ്‌റാക്കിലേക്കുള്ള യാത്ര. കാലങ്ങളായി തസ്റാക്കില്‍ എത്തണമെന്നാഗ്രഹമുണ്ടായിരുന്നുവെങ്കിലും ഞായറാഴ്ചയാണ് അദ്ദേഹത്തിന് അത് സാധിച്ചത്. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന് പശ്ചാത്തലമൊരുക്കിയ തസ്‌റാക്കിലെത്താന്‍ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന് ബെന്യാമിന്‍ പറഞ്ഞു.
ഒ.വി വിജയന്‍ സ്മാരകത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കഥയുത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് അദ്ദേഹം എത്തിയത്. പലതവണ പരിപാടികള്‍ക്കായി പാലക്കാടെത്തിയിരുന്നുവെങ്കിലും തസ്്്‌റാക്കിലേക്കൊന്നു എത്തിനോക്കാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് കുണ്ഠിതമുണ്ടായിരുന്നു. എന്നാല്‍ കഥയുത്സവത്തിനായി ഖസാക്കിലെത്തിയപ്പോള്‍ അദ്ദേഹത്തിന് വളരെ ഏറെആഹ്ലാദമായിരുന്നുവെന്ന് തുറന്നു പറയാനും മടിച്ചില്ല.
പരിപാടിയുടെ ഉദ്്്ഘാടന ചടങ്ങ്് കഴിഞ്ഞയുടന്‍ അദ്ദേഹം ഒ.വി വിജയന്‍ വളരെ കുറച്ചു ദിവസം മാത്രം താമസിച്ചിരുന്ന ഞാറ്റു പുരയിലെത്തി. അവിടെ ക്രമീകരിച്ചിരുന്ന ഒ.വി വിജയന്റെ കാര്‍ട്ടൂണുകളും,ഫോട്ടോകളുമൊക്കെ നോക്കി കണ്ടു. ഞാറ്റുപുരയുടെ ചായ്പ്പിലായിരുന്നു വിജയന്‍ അന്ന് താമസിച്ചിരുന്നത്. 1956ലായിരുന്നു സഹോദരി ശാന്തയോടൊപ്പം താമസിക്കാന്‍ വിജയന്‍ എത്തിയത്. വളരെ ചുരുങ്ങിയ കാലം മാത്രമേ ഇവിടെ താമസിച്ചിരുന്നുതെങ്കിലും ഖസാക്കിലെ ഭൂരിഭാഗവും കഥാപാത്രങ്ങളെയും കണ്ടെത്തിയത് ഈ കാലയളവില്‍ തന്നെയായിരുന്നു കുറെയൊക്കെ സങ്കല്‍പ്പ കഥാപാത്രങ്ങളായിരുന്നുവെന്ന് വിജയന്‍ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
ഖസാക്കിന്റെ ഇതിഹാസം വായിച്ചിരുന്ന സമയത്തു തന്നെ മൂലഗ്രാമമായ തസ്്്‌റാക്കിലെത്താന്‍ മനസ് വെമ്പിയിരുന്നു. വായന ഹരമായിരുന്ന കാലത്ത് ജോലിതേടി മരുഭൂമിയിലെത്തി. പിന്നെ തിരക്കിട്ട ജീവിതത്തിനിടയില്‍ ഇക്കാര്യം മറന്നുവെന്നും, ഇപ്പോഴാണ് അതിനു തനിക്കു നിയോഗമുണ്ടായതെന്നും ബെന്യാമിന്‍ പറയുന്നു.
ഞാറ്റുപുരക്ക് പുറമെ,അറബിക്കുളവും അദ്ദേഹം കണ്ടു. തസ്‌റാക്കിലെ മഴയും അദ്ദേഹം കൊണ്ടറിഞ്ഞു. ഈ നോവല്‍ വായിച്ച് കഴിഞ്ഞപ്പോള്‍ അതിലെ കാഥാപാത്രങ്ങളൊക്കെ തന്നോട് സംവദിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ അനുഭവങ്ങള്‍ കഥയുത്സവത്തില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരോടും അദ്ദേഹം പങ്കു വെച്ചു.
തസ്‌റാക്കെന്ന ദേശം ഇന്ന് ലോകമെമ്പാടും അറിയും. ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ട ഒന്നല്ല, ഭാഷകള്‍ക്കപ്പുറം ദേശാന്തരങ്ങള്‍ കടന്നു ചെല്ലേണ്ടതുണ്ട്. മാര്‍ക്കേസിനോടൊപ്പം നില്‍ക്കാന്‍ കഴിവുള്ള എഴുത്തുകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തെ മലയാളത്തിന്റെ ഇട്ടാവട്ടത്തിനകത്ത് ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ മാര്‍ക്കേസ് ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കൊളംബിയയിലെ മാര്‍ക്കെയ്‌സിന്റെ വീട് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയിരുന്നു.
അദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറു വര്‍ഷം എന്ന പുസ്തകത്തിലെ മക്കണ്ടോ എന്ന നഗരം ഇപ്പോഴും നമ്മുക്ക് അവിടെ കാണാന്‍ കഴിയുന്നുവെന്നതാണ് പ്രത്യേകത. മാര്‍കേസിനെ അറിയാന്‍ അവിടെ പോയാല്‍മതിയാവും. അദ്ദേഹത്തിന്റെ രചനകള്‍ക്ക് ഇപ്പോഴും മരണമില്ല. അതുപോലെ വിജയനെയും നമ്മള്‍ ലോകപ്രശസ്തിയിലേക്ക് വളര്‍ത്തിയെടുക്കണം. തസ്‌റാക്കിലെ പുതിയ കാഴ്ചകള്‍ അതിനുപകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ബെന്യാമിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."