തുഷാറിനെതിരേ മത്സരിക്കുമെന്ന് അഖില കേരള ഈഴവ സമുദായ സംഘടന
കൊച്ചി: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ സ്ഥാനാര്‍ഥിയെ രംഗത്തിറക്കുമെന്ന് അഖിലകേരള ഈഴവ സമുദായ സംഘടനാ ഭാരവാഹികള്‍.
സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബിജു പുലര്ക്കാട്ടായിരിക്കും മത്സരിക്കുക. അന്‍പതിനായിരത്തോളം കുടുംബങ്ങള്‍ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിലേറെ വോട്ടുകള്‍ സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികള്‍ അറിയിച്ചു. ബി.ഡി.ജെ.എസുമായി ഒരു ഒത്തുതീര്‍പ്പിനും ഒരുക്കമല്ല. മത്സരിച്ച് കരുത്ത് തെളിയിക്കാനാണ് തീരുമാനം.
പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറി പ്രവര്‍ത്തിക്കുന്ന എസ്.എന്‍.ഡി.പി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തൃശൂരില്‍ മാത്രം സംഘടന സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. തുഷാറിനെതിരേയായിരിക്കും പ്രധാന പ്രചാരണം. മുപ്പതോളം നാരായണീയ സംഘടനകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.
ഈഴവരുടെ ഉന്നമനവും ഐക്യവും ലക്ഷ്യമിട്ട് പുതുതായി നിലവില്‍ വന്ന സംഘടനയാണ് അഖില കേരള ഈഴവ സമുദായം. കേരളം കൂടാതെ യു.എ.ഇ, ഖത്തര്‍, ദുബൈ, സഊദി, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും സംഘടന പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. നിഷ ബിജു, ബിജു പുലര്‍ക്കാട്ട്, സുധീഷ് .എസ് ചക്രപാണി, കെ.കെ സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."