കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സഊദിയിൽ മരിച്ചു; കോഴിക്കോട് സ്വദേശിയാണ് റിയാദിൽ മരണപ്പെട്ടത്
റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സഊദിയിൽ മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേൽ സാബിർ (23) ആണ് ശനിയാഴ്ച പുലർച്ചെ റിയാദിൽ ചികിത്സയിൽ കഴിയവെ അൽഈമാൻ ആശുപത്രിയിൽ നിര്യാതനായത്. റിയാദിൽ പ്രിന്റിംഗ് പ്രസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന സാബിറിന് രണ്ടാഴ്ച മുമ്പാണ് കൊവിഡ് ലക്ഷണങ്ങളോടെ അസുഖമുണ്ടായത്. ശ്വാസതടസ്സമുണ്ടായതോടെ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വർഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിൽ കഴിഞ്ഞിരുന്ന സാബിർ പ്ലസ്ടു വരെ റിയാദിലാണ് പഠിച്ചത്. പിതാവ് സലാം കളരാന്തിരി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റുമായിരുന്നു. ഒന്നര വർഷം മുമ്പാണ് അദ്ദേഹവും കുടുംബവും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. മാതാവ്: സുബൈദ. സഹോദരങ്ങൾ: സബീഹ്, സൽവ, സ്വൽഹ. ഖബറടക്കനടപടികളുമായി സിദ്ദീഖ് തുവ്വൂർ, നജീബ് നെല്ലാംകണ്ടി തുടങ്ങിയവർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."