വെളുപ്പ് ദേശീയതയെ പിന്തുണയ്ക്കുന്നത് നിരോധിച്ച് ഫേസ്ബുക്ക്
സാന്‍ഫ്രാന്‍സിസ്‌കോ: വെളുത്ത ദേശീയതയേയോ വിഭജനവാദത്തെയോ പിന്തുണയ്ക്കുകയോ പുകഴ്ത്തുകയോ ചെയ്യുന്ന പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിരോധിച്ചു.
ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയില്‍ വെളുപ്പ് വംശീയവാദി ആക്രമണം നടത്തിയതിനു പിന്നാലെയാണ് നടപടി. ആക്രമണം നടത്തിയയാള്‍ ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.
അടുത്തമാസം മുതലാണ് നിയന്ത്രണങ്ങളുണ്ടാവുകയെന്ന് ഫേസ്ബുക്ക് കമ്പനി അധികൃതര്‍ അറിയിച്ചു. വിദ്വേഷ പ്രചാരണമാണ് ഇത്തരം തീവ്രവലതുപക്ഷ സംഘങ്ങളുടെ ആശയങ്ങള്‍. ഇവയെ പിന്തുണക്കുന്ന നടപടികളൊന്നും അനുവദിക്കില്ല. ജനങ്ങളെ വിഭജിക്കുന്ന വാദങ്ങളെയും പ്രോത്സാഹിപ്പിക്കില്ല.
ദേശീയതയുമായി ബന്ധപ്പെട്ട് വിശാല കാഴ്ചപ്പാടാണ് കമ്പനിക്കുള്ളതെന്ന് ഫേസ്ബുക്ക് വെബ്‌സൈറ്റിലൂടെ അറിയിച്ചു.
വെളുത്ത വര്‍ഗക്കാരുടെ പരമാധാകാരത്തെ പിന്തുണയ്ക്കുന്ന ആശയങ്ങളെ ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. എന്നാല്‍ വെളുപ്പ് ദേശീയതയും വെളുപ്പ് വിഭജന വാദവും വേര്‍തിരിച്ചുള്ള നിരോധനം ഇപ്പോഴാണ് ഏര്‍പ്പെടുത്തുന്നത്.
രാജ്യത്തിന്റെ ഉത്തരവാദിത്വം വെളുത്തവര്‍ഗക്കാര്‍ക്ക് നല്‍കണമെന്നാണ് വെളുപ്പു ദേശീയ വാദികള്‍ വാദിക്കുന്നത്. കുടിയേറ്റക്കാര്‍ മറ്റു ജന വിഭാഗക്കാര്‍ എന്നിവര്‍ക്ക് നരോധനമേര്‍പ്പെടുത്തണമെന്നാണ് അവരുടെ അജണ്ട. ഫേസ്ബുക്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ രംഗത്തെത്തി. വിദ്വേഷ പ്രസംഗങ്ങളിലൂടെയാണ് ഇത്തരം തീവ്രവാദക്കാര്‍ ജനങ്ങളെ സ്വാധീനിക്കുന്നതെന്നും ഫേസ്ബുക്ക് സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.
ഇരകളെ നേരില്‍ കാണാന്‍ വില്യം രാജകുമാരന്‍ എത്തുന്നു
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിലെ ഇരകളെ നേരില്‍ കാണാനും ആദരാഞ്ജലി അര്‍പിക്കാനും വില്യം രാജകുമാരന്‍ എത്തുന്നു. അടുത്തമാസമാണ് അദ്ദേഹം ന്യൂസിലന്‍ഡ് സന്ദര്‍ശിക്കുകയെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. ദക്ഷിണ ദ്വീപ് നഗരത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന ദേശീയ അനുസ്മരണച്ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
50 പേരുടെ ജീവന്‍ അപഹരിച്ച മസ്ജിദുകളിലെ നിഷ്ഠൂരമായ വെടിവയ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാജകുമാരന്റെ സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്ന രാജകുമാരന്‍ ഇരകള്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിക്കും.
ഇതിനു മുന്നോടിയായി വെള്ളിയാഴ്ച ഹാഗ്‌ലേ പാര്‍ക്കില്‍ വന്‍ അനുസ്മരണ സമ്മേളനവും അരങ്ങേറും. നമ്മളൊന്നാണ് എന്ന് ബാനറില്‍ നടത്തുന്ന ചടങ്ങ് ദേശീയ ടെലിവിഷന്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്നും അവര്‍ അറിയിച്ചു. ചടങ്ങില്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസോണ്‍ ഉള്‍പ്പെടെ 58 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സംബന്ധിക്കും. ആയിരക്കണക്കിനു പേര്‍ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങില്‍ ബ്രിട്ടീഷ് പോപ് ഗായകന്‍ യൂസഫ് ഇസ്‌ലാമും പങ്കെടുക്കുന്നുണ്ട്.
തീവ്രവലതുപക്ഷ പാര്‍ട്ടിയെ പിരിച്ചുവിടുമെന്ന് ഓസ്ട്രിയ
വിയന്ന: ക്രൈസ്റ്റ് ചര്‍ച്ചില്‍ ആക്രമണം നടത്തിയ ഭീകരവാദി ബ്രന്റന്‍ ടറന്റുമായി ബന്ധമുള്ള തീവ്രവലതുപക്ഷ പാര്‍ട്ടി ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റിനെ പിരിച്ചുവിടുമെന്ന് ഓസ്ട്രിയ. ഈ സംഘടന തീവ്രവാദ സംഘടനയാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഓസ്‌ട്രേയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കര്‍സ് പറഞ്ഞു.
ബ്രന്റന്‍ ടറന്റിന് ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റുമായി ബന്ധമുണ്ടെന്ന കാര്യം കഴിഞ്ഞ ദിവസമാണ് ഓസ്ട്രിയ സ്ഥിരീകരിച്ചത്.
ടറന്റ് ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റ്ിന് 1500 യൂറോ സംഭാവന നല്‍കിയെന്നും കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ കുടിയേറ്റ വിരുദ്ധ പ്രചാരണ ഭാഗമായിട്ടാണ് സംഭാവന നല്‍കിയതെന്നും ഓസ്ട്രിയന്‍ പോസിക്യൂട്ടര്‍ പറഞ്ഞു.
ഫ്രാന്‍സില്‍ ആരംഭിച്ച ഐഡന്റിറ്റേറിയന്‍ മൂവ്‌മെന്റ് കുടിയേറ്റ, ഇസ്‌ലാം വിരുദ്ധ നയങ്ങളാണ് പ്രചരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."