യമനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് അമേരിക്ക
റിയാദ്: യമനില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെടുമെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി. സഊദിയില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസ്താവനയിലാണ് യമനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രശ്‌നക്കാരായ ഹൂതികള്‍ നിലക്ക് നിര്‍ത്താന്‍ അമേരിക്ക ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. സഊദി അറേബ്യക്കെതിരെ ഹൂതികള്‍ നടത്തുന്ന മിസൈല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനായി നടത്തുന്ന സമാധാന ശ്രമങ്ങളെ വീണ്ടും ശക്തിപ്പെടുത്തുമെന്നും ഇതിനായി ഐക്യരാഷ്ട്രസഭയെ കൂടുതല്‍ ശക്തിയായി രംഗത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ് വിരുദ്ധ പോരാട്ടം, സിറിയന്‍, യെമന്‍ സംഘര്‍ഷങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിനും ശ്രമിച്ചാണ് യു.എസ് പ്രതിരോധ സെക്രട്ടറി പര്യടനം ആരംഭിച്ചത്.
യെമനില്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന സൈനിക നടപടിക്കുള്ള അമേരിക്കയുടെ നേരിട്ടുള്ള പിന്തുണ ജെയിംസ് മാറ്റിസ് ഉടന്‍ പ്രഖ്യാപിക്കും. ചെങ്കടലിന്റെ ദക്ഷിണ പ്രവേശന കവാടത്തിലുള്ള ജിബൂത്തിയിലെ അമേരിക്കന്‍ സൈനിക താവളവും യു.എസ് പ്രതിരോധ സെക്രട്ടറി സന്ദര്‍ശിക്കും. യു.എസ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ജെയിംസ് മാറ്റിസ് ആദ്യമായാണ് സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്. സഊദിയിലെത്തിയ അദ്ദേഹത്തെ കമാണ്ടര്‍ ചീഫ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുന്‍ യാന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."