പ്രമേയവുമായി യു.എസ്; കരുതലോടെ വേണമെന്ന് ചൈന
വാഷിങ്ടണ്‍: ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള പ്രമേയം അവതരിപ്പിക്കാനൊരുങ്ങി യു.എസ്. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് യു.എസിന്റെ നീക്കം. രണ്ടാഴ്ച മുന്‍പ് സമാനമായ പ്രമേയം അവതരിപ്പിച്ചപ്പോള്‍ ചൈന വീറ്റോ ചെയ്തിരുന്നു. പ്രമേയത്തിന്റെ കരട് ഫ്രാന്‍സിനും ബ്രിട്ടനും യു.എസ് കൈമാറിയിട്ടുണ്ട്. അല്‍ ഖാഇദ, ഐ.എസ് എന്നിവക്കെതിരേയുള്ള ഉപരോധ 1267 കമ്മിറ്റിയില്‍ മസൂദ് അസ്ഹറിന്റെ പേരു കൂടി ചേര്‍ക്കണം.
പുല്‍വാമ ഭീകരാക്രമണം മസൂദിനാണെന്നും പ്രമേയത്തില്‍ പറയുന്നു. മസൂദ് അസ്ഹറിനെതിരേയുള്ള പ്രമേയം രക്ഷാസമിതിയിലെ 15 സ്ഥിരം അംഗങ്ങള്‍ പിന്തുണയ്ക്കുകയാണെങ്കില്‍ മസൂദിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും. എന്നാല്‍ മസൂദിനെതിരേ വീണ്ടും പ്രമേയം അവതരിപ്പിക്കാനുള്ള യു.എസ് നീക്കത്തെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി. ഇതു വിഷയത്തെ സങ്കീര്‍ണമാക്കാനേ സഹായിക്കൂവെന്നും കരുതലോടെ നീങ്ങണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുയാങ് പറഞ്ഞു. ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പ്രശ്‌നം പരിഹരിക്കുകയെന്ന നയമല്ല പ്രമേയത്തിലുള്ളത്. പ്രമേയാവതരണത്തിനായി യു.എസ് കുറുക്കുവഴിയാണ് ഉപയോഗിച്ചത്. ഇതിനായി രക്ഷാസമിതിയെ നേരിട്ടു സമീപിച്ചിരിക്കുകയാണ്. ഇത് രക്ഷാസമിതിയിലുള്ള പ്രധാന ഭീകരവിരുദ്ധ കമ്മിറ്റികളുടെ അധികാരത്തെ കുറയ്ക്കുന്ന നടപടിയാണ്.
പരസ്പര ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് പകരം വിഷയം കൂടുതല്‍ സങ്കീര്‍ണമാകും. പ്രമേയവുമായി ശക്തമായി മുന്നോട്ടുപോവുന്ന നീക്കം ഒഴിവാക്കണമെന്ന് യു.എസിനോട് ആവശ്യപ്പെടുകയാണ്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്. ഇതിനായി ഉചിതമായ സമയവും സ്ഥലവും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 14ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കെതിരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയമാണ് വിഷയത്തില്‍ കൂടുതല്‍ പഠിക്കണമെന്ന് പ്രഖ്യാപിച്ച് ചൈന വീറ്റോ ചെയ്തത്. യു.എസ് പിന്തുണയോടെ യു.കെയും ഫ്രാന്‍സുമായിരുന്നു അന്ന് പ്രമേയം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."