വയലേലകള്‍ വീണ്ടും കതിരണിയുന്നു; ഒപ്പം പ്രതീക്ഷകളും
നെയ്യാറ്റിന്‍കര: വര്‍ഷങ്ങളായി താലൂക്കിലുടനീളം തരിശായി കിടന്ന നെല്‍വയലുകള്‍ കര്‍ഷക കൂട്ടായ്മയില്‍ കതിരണിയാന്‍ തുടങ്ങുന്നു. ഇത്തരത്തില്‍ ഹെക്ടര്‍ കണക്കിന് നെല്‍പാടങ്ങളാണ് അടുത്തിടെ നെല്‍കൃഷിയിലേയ്ക്ക് മടങ്ങി വന്നത്. പാറശാലയിലെ ചെങ്കല്‍, അമരവിള-കീഴമ്മാകം, തിരുപുറം ഏലായിലെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് പ്രധാനമായും നെല്‍കൃഷിയിലേയ്ക്ക് മടങ്ങി വന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള പ്രോത്സാഹനമാണ് കര്‍ഷകര്‍ക്ക് പ്രേരണയായതും. 20-25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്കാരുടെ അഭാവത്തിലാണ് നെല്‍കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ നൂറ് മേനി വിളവ് ലഭിച്ചിരുന്ന പല നെല്‍വയലുകളും കര്‍ഷകര്‍ തരിശിടുകയോ മറ്റ് വിളകളായ വാഴ, മരച്ചീനി, തെങ്ങ്, റബര്‍ എന്നിവയിലേയ്ക്ക് മാറുകയായിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്ന ഗുണനിലവാരം കുറഞ്ഞതും വിഷം കലര്‍ന്നതുമായ അരി കഴിച്ച് മടുത്തതോടുകൂടിയാണ് കര്‍ഷകര്‍ വീണ്ടും നെല്‍കൃഷിയിലേയ്ക്ക് മടങ്ങിയെത്താന്‍ കാരണമായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിക്കുവാന്‍ കൃഷി വകുപ്പും പഞ്ചായത്തും സര്‍ക്കാരും ഒത്തൊരുമയോടെ കര്‍ഷകര്‍ക്ക് സഹായ വാഗ്ദാനങ്ങളുമായെത്തിയതാണ് കൂടുതല്‍ കര്‍ഷകര്‍ നെല്‍കൃഷിയിലേയ്ക്ക് മടങ്ങിയെത്താന്‍ ഇടയായത്. ഓരോ ഏലായിലും കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിക്കുകയും നെല്‍കൃഷിയ്ക്ക് ആവശ്യമായ വിത്തും വളവും സംഘടിക്കുകയും കൃഷിയിറക്കുകയുമാണുണ്ടായത്.
നെയ്യാറ്റിന്‍കര തിരുപുറം ഏലായിലെ കര്‍ഷകര്‍ പലപ്പോഴും നേരിടുന്ന വെല്ലുവിളി വെള്ളത്തിന്റെ അഭാവം തന്നെയാണ്. കഴിഞ്ഞ വര്‍ഷം നെല്ല് വളര്‍ന്ന് കതിരണിയാന്‍ തുടങ്ങിയപ്പോള്‍ പാടത്ത് വെളളം ലഭിക്കാതെ വ്യാപക നാശനഷ്ടങ്ങള്‍ സംഭവിക്കുകയുണ്ടായി. നെയ്യാറിലെ ജലത്തെ ആശ്രയിച്ചാണ് മിക്കവാറും ഇവിടെ നെല്‍കൃഷി ഇറക്കുന്നത്.
ഒരുകാലത്ത് നൂറ് മേനി വിളവ് നല്‍കിയിരുന്ന അമരവിളയിലെ ഹെക്ടര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ ഇപ്പോഴും തരിശായി കിടക്കുകയാണ്. അമരവിള ഏലായിലെ മുഖ്യ പ്രശ്‌നം മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് തന്നെയാണ്. എന്നാല്‍ വേനല്‍കാലത്ത് കൊടിയ വരള്‍ച്ചയും കര്‍ഷകര്‍ നേരിടെണ്ടി വരുന്നു എന്നതു തന്നെ. എന്നാല്‍ ഇവിടെയും ഉടന്‍ തന്നെ കൃഷിയിറക്കാന്‍ കര്‍ഷകര്‍ തയാറാകുന്നതായി കര്‍ഷക കൂട്ടായ്മ അറിയിച്ചു.
താലൂക്കിലെ തന്നെ പള്ളിച്ചല്‍, ചുരത്തൂര്‍കോണം ഏലാകളിലും മറുകില്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും കര്‍ഷകര്‍ നെല്‍കൃഷിയിലേയ്ക്ക് മടങ്ങി വരാന്‍ തയാറാകുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ അനുമതിയോടുകൂടി വെള്ളായണി കായല്‍ വറ്റിച്ച് പുഞ്ചകൃഷിയിറക്കിയിരുന്നത് നിലച്ചതോടെ ഈ പ്രദേശങ്ങളില്‍ നിന്നും നെല്‍കൃഷി പടിയിറങ്ങുകയായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന ശുദ്ധജല താടകങ്ങളിലൊന്നായ വെള്ളായണികായലില്‍ നിന്നും തലസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാവശ്യമായ വിവിധ കുടി വെള്ളപദ്ധതികള്‍ നില നില്‍ക്കുന്നതിനാല്‍ നെല്‍കൃഷിയ്ക്ക് ഉപയോഗിക്കുന്ന കീടനാശിനികള്‍ കുടി വെള്ളത്തില്‍ കലരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കായലിലെ നെല്‍കൃഷി നിറുത്തലാക്കിയത്. എന്നാല്‍ സമീപ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ കൃഷിയിറക്കി തുടങ്ങിയിട്ടുണ്ട്.
നേമം-കോലിയക്കോട്, മാങ്കിളിക്കരി പാടശേഖരങ്ങളും നെല്‍കൃഷിയിലേയ്ക്ക് മടങ്ങിയെത്തിയത് വന്‍ വിജയമായി മാറിയിരിക്കുകയാണ്. ചെറുകിട ജലസേചന വകുപ്പ് മുന്‍ കൈയെടുത്ത് പമ്പ് ഹൗസില്‍ മോട്ടോര്‍ പുനഃസ്ഥാപിച്ചതാണ് മാങ്കിളിക്കരിയിലെ കര്‍ഷകര്‍ക്ക് തുണയായി മാറിയത്. നെല്‍വയലുകള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി നിലം നികത്തല്‍ തന്നെയാണ്. നെയ്യാറ്റിന്‍കര താലൂക്കിലെ ഹെക്ടര്‍ കണക്കിന് വയലേലകളാണ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പോയ് മറഞ്ഞത്. അധികൃതരുടെ ഒത്താശയോടുകൂടിയാണ് ഭൂമാഫിയാകള്‍ കുറഞ്ഞ വിലക്ക് കൈക്കലാക്കി നിലം നികത്തുന്നത്. ഇത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."