ത്രിപുരയിലെ ബി.ജെ.പി സഖ്യം പൊളിയുന്നു; സ്വന്തംനിലയ്ക്ക് മത്സരിക്കുമെന്ന് ഐ.പി.എഫ്.ടി
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിയുടെ സാധ്യതകള്‍ കെടുത്തി മുന്നണിയില്‍ ഭിന്നത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവില്‍വന്ന നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സിലെ (എന്‍.ഇ.ഡി.എ) ത്രിപുരയിലെ പ്രധാന കക്ഷിയായ ഐ.പി.എഫ്.ടിയാണ് ബി.ജെ.പിയുമായി ഉടക്കിനില്‍ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ഇന്‍ഡിജീനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) പ്രഖ്യാപിക്കുകയും ചെയ്തു. മുന്നണിയില്‍ ബി.ജെ.പി കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷിയാണ് ഐ.പി.എഫ്.ടി. ത്രിപുരയില്‍ ആകെയുള്ള രണ്ടുമണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ മല്‍സരിക്കുമെന്ന് ഐ.പി.എഫ്.ടി അധ്യക്ഷന്‍ എന്‍.സി ദേബ് ബര്‍മ അറിയിച്ചു.
ഗോത്രമേഖലയില്‍ വന്‍ സ്വാധീനമുള്ള ഐ.പി.എഫ്.ടിയുടെ പിന്തുണയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു കനത്ത തിരിച്ചടിയുണ്ടാവാനും സ്വന്തമായി സംസ്ഥാനത്ത് ഭൂരിപക്ഷം ലഭിക്കാനും ബി.ജെ.പിയെ സഹായിച്ചത്. സംസ്ഥാനത്ത് ആകെ 60 നിയമസഭാ സീറ്റുകളാണുള്ളത്. അതില്‍ ബി.ജെ.പിക്കു മാത്രം 36 എണ്ണം ലഭിച്ചു. എട്ടെണ്ണത്തില്‍ ഐ.പി.എഫ്.ടിയും വിജയിച്ചു. ഏറെക്കാലം സംസ്ഥാനം ഭരിച്ച സി.പി.എമ്മിന് 16 എണ്ണത്തിലേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. തങ്ങളുടെ പിന്തുണകൊണ്ടാണ് സംസ്ഥാനത്ത് ബി.ജെ.പിക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതെന്ന് ഐ.പി.എഫ്.ടി നേതാവും സംസ്ഥാനമന്ത്രിയുമായ മെവാര്‍കുമാര്‍ ജമാതിയ മുന്നറിയിപ്പ് നല്‍കി. ബി.ജെ.പിയുടെ പിന്തുണകൊണ്ടും നരേന്ദ്രമോദി തരംഗം കൊണ്ടുമാണ് ഐ.പി.എഫ്.ടിക്ക് എട്ടു സീറ്റ് കിട്ടിയതെന്ന മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേവിന്റെ പ്രസ്താവനയാണ് മുന്നണിയിലെ ഭിന്നത പൊട്ടിത്തെറിയിലെത്തിച്ചത്.
അതേസമയം, ബി.ജെ.പിവിരുദ്ധ സഖ്യത്തില്‍ ചേരാന്‍ ഐ.പി.എഫ്.ടിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ട്ടി അധ്യക്ഷന്‍ എന്‍.സി ദേബ് ബര്‍മയുമായി കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ ഇതുസംബന്ധിച്ചു ചര്‍ച്ചനടത്തുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തോടൊപ്പം ചേരാന്‍ ഐ.പി.എഫ്.ടി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല. സംസ്ഥാനത്തെ ബി.ജെ.പി ഉപാധ്യക്ഷന്‍ സുബല്‍ ഭൗമിക് കഴിഞ്ഞയാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പശ്ചിമ ത്രിപുരയില്‍നിന്ന് ലോക്‌സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭൗമിക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ഇതിനു പിന്നാലെ രണ്ടുമുതിര്‍ന്ന നേതാക്കളും അടുത്തിടെ ബി.ജെ.പി വിട്ടു കോണ്‍ഗ്രസിലെത്തിയിരുന്നു.
സംസ്ഥാനത്ത് നിലവിലുള്ള രണ്ടുലോക്‌സഭാ സീറ്റും നിലവില്‍ സി.പി.എമ്മിന്റെ കൈയിലാണ്. ത്രിപുര വെസ്റ്റില്‍ ശങ്കര്‍പ്രസാദ് ദത്ത കോണ്‍ഗ്രസിന്റെ അരുണോദയ് സാഹ നാലുലക്ഷത്തോളം വോട്ടുകള്‍ക്കാണ് വിജയിച്ചത്. സി.പി.എം സ്ഥാനാര്‍ഥിക്ക് ആറേ മുക്കാല്‍ ലക്ഷത്തോളം വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പിക്ക് 54,706 വോട്ടുകളേ ലഭിച്ചുള്ളൂ. രണ്ടാമത്തെ മണ്ഡലമായ ത്രിപുര ഈസ്റ്റില്‍ സി.പി.എമ്മിന്റെ ജിതേന്ദ്രചൗധരിയും നാലുലക്ഷത്തോളം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇവിടെയും ബി.ജെ.പിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായിട്ടില്ല. എന്നാല്‍, രണ്ടിടത്തും കോണ്‍ഗ്രസാണ് രണ്ടാംസ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."