മോദിയുടെ ടെലിവിഷന്‍ പ്രഭാഷണം ചട്ടലംഘനമാണോ? തീരുമാനം ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട 'മിഷന്‍ ശക്തി' പ്രഖ്യാപനം ടെലിവിഷനിലൂടെ നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോ? ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് തീരുമാനം അറിയിക്കും.
പരിപാടി പ്രക്ഷേപണം ചെയ്ത ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവരില്‍ നിന്ന് ശേഖരിച്ച മറുപടികള്‍ പരിശോധിച്ച് വരികയാണെന്ന് കമ്മിഷന്‍ അംഗം സന്ദീപ് സക്‌സേന അറിയിച്ചു. പരിപാടിക്കു ലഭിച്ച പ്രതികരണങ്ങളുടെ സ്രോതസ്സിനെക്കുറിച്ചുള്ള വിവരങ്ങളാണ് കമ്മിഷന്‍ ഇവരില്‍ നിന്ന് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന കമ്മിഷന്റെ തെരഞ്ഞെടുപ്പ് പാനല്‍ സമിതി ഇതുവരെ രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ നടത്താന്‍ പാടില്ല. എന്നാല്‍ ഈ നിയമം ലംഘിച്ചാണ് മോദിയുടെ പ്രഭാഷണം. രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പോകുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കമ്മിഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് 23,000 പരാതികളാണ് ലഭിച്ചത്. അതില്‍ 60 ശതമാനം പരാതികളും ശരിയായിരുന്നുവെന്നും കമ്മിഷന്‍ പറയുന്നു. ധൃതിപിടിച്ചു നടത്തിയ പ്രസംഗത്തിന്റെ ആവശ്യകതയെക്കുറിച്ചും അന്വേഷിക്കുമെന്ന് കമ്മിഷന്‍ പറഞ്ഞിരുന്നു.
പെരുമാറ്റച്ചട്ടം പ്രാബല്ല്യത്തിലിരിക്കെ പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തെ അഭിസംബോധനചെയ്തു നടത്തിയ ടെലിവിഷന്‍ പ്രഭാഷണം പെരുമാറ്റച്ചട്ടലംഘനമാണെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസും സി.പി.എമ്മും നല്‍കിയ പരാതികളാണ് കമ്മിഷന്‍ മുന്‍പാകെയുള്ളത്. മിസൈലിന്റെ പരീക്ഷണം വിജയിച്ചതായി പ്രഖ്യാപിക്കേണ്ടത് പ്രതിരോധ ഗവേഷണ വികസന സമിതി (ഡി.ആര്‍.ഡി.ഒ) ആണെന്നും പ്രധാനമന്ത്രിയല്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."