കൊച്ചി മെട്രോ ട്രെയ്ന്‍: കാത്തിരിപ്പ് തുടര്‍ന്നേക്കും
കൊച്ചി: കൊച്ചി മെട്രോ ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ പിടിക്കും. ഏപ്രില്‍ മുതല്‍ മെട്രോ ട്രെയ്ന്‍ ഓടിത്തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നിര്‍മാണ ജോലികള്‍ അവസാനിക്കാന്‍ ഇനിയും മൂന്നുമാസമെങ്കിലും എടുക്കുമെന്നാണു സൂചന. പാര്‍ക്കിങ് സംവിധാനം, സ്റ്റേഷനുകളുടെ നിര്‍മാണ ജോലികളുടെ പൂര്‍ത്തീകരണം തുടങ്ങിയ ജോലികളെല്ലാം തീര്‍ക്കാനുണ്ട്.
അതേസമയം മെട്രോ റെയില്‍ സുരക്ഷാ കമീഷണറുടെ പരിശോധന മെയ് 3, 4, 5 തീയതികളില്‍ നടക്കും. റെയില്‍വേ സുരക്ഷ കമ്മീഷണറുടെ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള സംഘമാണു പരിശോധനക്കെത്തുക. ആദ്യഘട്ട സര്‍വീസ് തുടങ്ങുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പാതയിലായിരിക്കും പരിശോധന. ഈ പരിശോധനക്കു ശേഷമായിരിക്കും അന്തിമ അനുമതി. നേരത്തെ ഏപ്രിലില്‍ ആദ്യഘട്ട സര്‍വീസ് തുടങ്ങാനാവുമെന്നാണ് ഡി.എം.ആര്‍.സി സര്‍ക്കാരിനെ അറിയിച്ചിരുന്നത്. എന്നാല്‍ സ്റ്റേഷനുകളുടെയും അനുബന്ധ ജോലികളുടെയും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാവാതെ സര്‍വീസ് ആരംഭിക്കാനാവില്ലെന്ന് കെ.എം.ആര്‍.എല്‍ കടുത്ത നിലപാടെടുത്തു. മെട്രോ സുരക്ഷ കമ്മീഷണറുടെ പരിശോധന പൂര്‍ത്തിയായാലും പാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷം മാത്രം സര്‍വീസ് തുടങ്ങിയാല്‍ മതിയെന്നാണ് കെ.എം.ആര്‍.എലിന്റെ നിലപാട്. സര്‍വീസ് തുടങ്ങാനുള്ള അന്തിമ അനുമതി നല്‍കുന്നതിന് മെട്രോ ബോഗികളുടെയും പാളങ്ങളുടെയും സുരക്ഷ, സിഗ്‌നലിങ് സംവിധാനം എന്നിവയാണ് കമ്മീഷണര്‍ സംഘം പ്രധാനമായും വിലയിരുത്തുക. ട്രെയിനിന്റെ പരമാവധി വേഗത്തിലുള്ള പരീക്ഷണ ഓട്ടത്തിനൊപ്പം ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പാതയിലൂടെ ഒരേ സമയം ഇരുവശത്തേക്കുമുള്ള ട്രെയിന്‍ ഓട്ടവും സംഘം പരിശോധിക്കും. ജനുവരിയില്‍ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ റെയില്‍ സുരക്ഷാ കമീഷണര്‍ നിലവിലെ ക്രമീകരണങ്ങളില്‍ സംതൃപ്തി അറിയിച്ചിരുന്നു. സുരക്ഷ, സിഗ്‌നലിങ് സംവിധാനം എന്നിവ കുറ്റമറ്റതാണെന്നായിരുന്നു സംഘത്തിന്റെ അഭിപ്രായം.
അതേസമയം, കൊച്ചി മെട്രോയുടെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ യൂനിറ്റ് (ഒ.സി.ജി) പ്രവര്‍ത്തനക്ഷമമായി. യൂനിറ്റിന്റെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് അഞ്ചിന് കെഎംആര്‍എല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് നിര്‍വഹിച്ചു. മ്യൂറല്‍ പെയിന്റിങുകളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ചേര്‍ന്ന് മനോഹരമായാണ് ഒ.സി.ജി കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മെട്രോയുടെ കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് (സിബിടിസി) ഐഎസ്എ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
മെട്രോയുടെ വൈദ്യുതി വിതരണ സംവിധാനവും റെയില്‍വേ ട്രാക്കിലേക്ക് വൈദ്യുതി എത്തിക്കുന്ന തേഡ് റെയില്‍ ട്രാക്ഷന്‍ സംവിധാനവും നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.
സിബിടിസി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോയാണു കൊച്ചിയിലേത്. കണ്‍ട്രോള്‍ യൂനിറ്റില്‍ നിന്നും മെട്രോ ട്രെയിനുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. സി.ബി.ടി.സി സര്‍ട്ടിഫിക്കറ്റിനൊപ്പം നാലു സെറ്റ് ട്രെയിനുകള്‍ക്കുള്ള സുരക്ഷാ സര്‍ട്ടിഫിക്കറ്റ്, ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 11 സ്‌റ്റേഷനുകളുടെ ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."