കാരുണ്യ ഹൃദയതാളം പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പദവി ദുര്‍വിനിയോഗം
മൂവാറ്റുപുഴ: പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനടക്കം മൂന്നു പേര്‍ക്കെതിരെ കാരുണ്യ ഹൃദയതാളം പദ്ധതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തതിനെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജ് പി. മാധവന്‍ ഉത്തരവായി. പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് എറണാകുളം സെന്‍ട്രല്‍ റെയ്ഞ്ച് എസ്പിയോട് കോടതി ആവശ്യപ്പെട്ടു.
വെങ്ങോല പഞ്ചായത്ത് മെമ്പര്‍ സി.എം.അഷറഫ്, കാരുണ്യ ഹൃദയതാളം ചാരിറ്റബിള്‍ സൊസൈറ്റി ട്രഷറര്‍ ഷെമീറ റഷീദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാരുണ്യ പദ്ധതിയോട് സാമ്യം തോന്നത്തക്കവിധത്തില്‍ പ്രതികള്‍ കാരുണ്യ ഹൃദയതാളം പദ്ധതി രൂപീകരിക്കുകയും പദ്ധതിയിലൂടെ ഗുരുതരമായ രോഗങ്ങളുള്ളവരുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തുവന്നിരുന്നു. പദ്ധതി പഞ്ചായത്തിന്റേതാണെന്ന് തോന്നുന്ന വിധത്തിലായിരുന്നു ലഘുലേഖയിലും പരസ്യത്തിലും പറഞ്ഞിരുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ പദ്ധതി പ്രസിഡന്റ് എം.എം.അവറാന്‍ ചെയര്‍മാനും സി.എം.അഷറഫ് കണ്‍വീനറും ഷെമീറ റഷീദ് ട്രഷററുമായ ഒരു ട്രസ്റ്റായിരുന്നു നടത്തിയിരുന്നത്. മുന്‍ മന്ത്രി അനൂപ്‌ജേക്കബ്ബ് 2013 ഏപ്രില്‍ 1ന് പദ്ധതി ഉദ്ഘാടനം ചെയ്താണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബക്കറ്റ് പിരിവും രസീത് പ്രകാരമുള്ള പിരിവും സംഘടന നടത്തിയിരുന്നെങ്കിലും അക്കൗണ്ട് സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ വെങ്ങോല മിനി കവല തലക്കകുടി ടി.പി.അബ്ദുള്‍ അസീസിന്റെ പരാതി.
പരാതി വന്നപ്പോഴാണ് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്ട്രര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയുടെ മോഡല്‍ അപേക്ഷ ഫോമുകളുമായി സാമ്യമുള്ള അപേക്ഷയാണ് ഇവിടേയും ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് ലോട്ടറി വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്‌തെങ്കിലും അന്വേഷണത്തില്‍ ഒരു നടപടിയുമുണ്ടായില്ല. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഹര്‍ജിക്കാരന്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് മൂവാറ്റുപുഴ കോടതിയിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തൃശ്ശൂര്‍ കോടതി ത്വരിതാന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് വിജിലന്‍സ് പോലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
21,42,850 രൂപ സംഘടനയ്ക്ക് കിട്ടുകയും 21 ലക്ഷം രൂപ ചികിത്സാസഹായമായി നല്‍കുകയും ചെയ്തതായിട്ടാണ് വിജിലന്‍സ് ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയത്. ക്രൈം എടുക്കുവാന്‍ പൊലിസ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നില്ല. എന്നാല്‍ കോടതി വിജിലന്‍സ് ശുപാര്‍ശ സ്വീകരിക്കാതെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തതായി കണ്ടെത്തുകയായിരുന്നു. സംഘടന ഇറക്കിയ ലഘുലേഖയില്‍ 108 പേര്‍ സംഘടനയില്‍ ഒരുലക്ഷം രൂപ വീതം നല്‍കി മെമ്പര്‍ഷിപ്പ് എടുത്തതായി കാണിച്ചിട്ടുണ്ട്.
അബ്ദുള്‍ അസീസ് നല്‍കിയ ഹര്‍ജിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം.അവറാന്‍ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് അമിത സ്വത്ത് സമ്പാദനത്തിലൂടെ ബെന്‍സ്, ജഗ്വാര്‍, ഇനോവ കാറുകള്‍ വാങ്ങിയതായി ആരോപിച്ചിരുന്നു. ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പൊലിസ് അഴിമതി നിരോധനവകുപ്പ് പ്രകാരം എം.എം.അവറാന്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുവാന്‍ അനുവാദം നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നതും കോടതി അനുവദിച്ചതുകൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."