കണ്ണുനിറഞ്ഞ് അവര്‍ വിടചൊല്ലി, ആത്മവിദ്യാലയത്തോട്
കല്‍പ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് കുട്ടികളെല്ലാം ഇന്നലെ സന്തോഷത്തില്‍ ആര്‍ത്തുല്ലസിച്ചാണ് തങ്ങളുടെ ആത്മവിദ്യാലയങ്ങളോട് വിടചൊല്ലിയത്. കളറുകള്‍ വാരി വിതറിയും ആടിയും പാടിയും അവര്‍ തങ്ങളുടെ വിദ്യഭ്യാസ ജീവിതത്തിലെ പ്രധാന കടമ്പ കടന്നതിന്റെ ആഘോഷത്തിലായിരുന്നു. എന്നാല്‍ ഇങ്ങ് വയനാട് ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മുന്നില്‍ വൈകിട്ട് 3.30ഓടെ പരീക്ഷയെഴുതി പുറത്തിറങ്ങിയ പല കുട്ടികളും തങ്ങളുടെ സങ്കടമടക്കാനവാതെ പൊട്ടിക്കരയുകയായിരുന്നു. കഴിഞ്ഞ 35 ദിവസത്തിലധികമായി സ്കൂളില്‍ താമസിച്ച് പഠിക്കുന്നവരാണ് ഇന്നലെ കണ്ണീരോടെ ആത്മവിദ്യാലയത്തോട് വിടചൊല്ലിയത്.
ജില്ലാ പഞ്ചായത്തും ആദിവാസി വികസന വകുപ്പും സംയുക്തമായി വയനാട്ടില്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ ക്യാംപില്‍ പങ്കെടുത്ത കുട്ടികളായിരുന്നു അവസാന പരീക്ഷയും കഴിഞ്ഞ് കണ്ണീര്ച്ചാലിട്ട മുഖങ്ങളുമായി വിദ്യാലയത്തിനോട് വിടചൊല്ലിയത്. സംസ്ഥാനത്ത് ആദിവാസി വികസന വകുപ്പ് പട്ടികവര്‍ഗ വിഭാഗത്തിലെ 25 കുട്ടികള്‍ക്ക് മുകളിലുള്ള സ്കൂളുകളില്‍ ക്യാംപ് സംഘടിപ്പിച്ചിരുന്നു. 25 ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാംപായിരുന്നു കുട്ടികള്‍ക്ക് നല്‍കിയത്. എന്നാല്‍ വയനാട്ടില്‍ ഒരുപടികൂടി മുന്നിട്ട് 40 ദിവസം വരെ പല സര്‍ക്കാര്‍ സ്കൂളുകളും വിദ്യാര്‍ഥികള്‍ക്ക് ക്യാംപ് നല്കി. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളും പി.ടി.എയും എം.പി.ടി.എയും അധ്യാപകരുമാണ് വര്‍ധിപ്പിച്ച ദിവസങ്ങളിലെ വിദ്യാര്‍ഥികളുടെ ദൈനംദിന ചെലവുകള്‍ക്കുള്ള തുക സമാഹരിച്ച് നല്‍കിയത്. ഇന്നലെ അവസാന പരീക്ഷയും കഴിഞ്ഞാണ് പല സ്കൂളുകളില്‍ നിന്നും കുട്ടികള്‍ക്ക് വീട്ടിലേക്ക് പോയത്. ഇതില്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു കൂടുതല്‍ കുട്ടികള്‍ ക്യാംപിലുണ്ടായിരുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയതും ഇവിടെയാണ്. 408 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഇതില്‍ 88 കുട്ടികള്‍ പട്ടിവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു.
ഇത്തരത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളിലെല്ലാം ഇത്തവണ ക്യാംപ് നടന്നിട്ടുണ്ട്. 25ല്‍ താഴെ പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികളുള്ള സ്കൂളുകളില്‍ ജില്ലാ പഞ്ചായത്ത് നേരിട്ടാണ് ക്യാംപ് നടത്തിയത്. ഗോത്രജാല എന്ന പേരില്‍ നടത്തിയ ക്യാംപ് കുട്ടികള്‍ക്ക് പരീക്ഷപ്പേടി ഇല്ലാതാക്കിയെന്നാണ് അധ്യാപകര്‍ പറയുന്നത്. പല കുട്ടികള്‍ക്കും വീട്ടില്‍ നിന്ന് പഠനം നടത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ ജില്ലാ പഞ്ചായത്തും ആദിവാസ വികസന വകുപ്പും ജില്ലയില്‍ സംഘടിപ്പിച്ച ക്യാംപുകള്‍ ജില്ലയിലെ കുട്ടികള്‍ക്ക് ഏറെ ആശ്വാസമായി. രാവിലെ അഞ്ച് മുതല്‍ എട്ടു വരെയും 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയും വൈകിട്ട് ആറുമുതല്‍ രാത്രി 10 വരെയുമായിരുന്നു ക്യാംപില്‍ കുട്ടികള്‍ക്കുള്ള പഠനസമയം.
അതിന് ശേഷം കലാപരിപാടികളടക്കം അവതരിപ്പിക്കാനും ഇവര്‍ക്ക് അധ്യാപകര്‍ അവസരം നല്‍കിയിരുന്നു. ഇങ്ങിനെ പഠിച്ചും ആടിയും പാടിയും അവര്‍ ഒരു മാസത്തിലധികം ആഘോഷിച്ചുള്ള പഠനത്തിലായിരുന്നു. ഇതുതന്നെയാണ് കുട്ടികളെ ആത്മവിദ്യാലയത്തോട് പിരിയുമ്പോള്‍ കണ്ണീരണിയിച്ചത്. പരിപാടി സമ്പൂര്‍ണ വിജയമായിരുന്നെന്നും ഇത് വിജയ ശതമാനത്തില്‍ വര്ധനവുണ്ടാക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് തങ്ങളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ സുപ്രഭാതത്തോട് പറഞ്ഞു. ട്രൈബല്‍ ഡിപ്പാര്‍റ്റ്മെന്റിന്റെ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സുല്‍ത്താന്‍ ബത്തേരി ടി.ഡി.ഒ ഇസ്മായിലും സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."