HOME
DETAILS
MAL
വീണ്ടും കൊവിഡ്; ചൈനയില്‍ ലോക്ക്ഡൗണ്‍
backup
June 14 2020 | 03:06 AM
ബെയ്ജിങ്: കൊവിഡ് നിയന്ത്രണവിധേയമായ ചൈനയില്‍ വൈറസ് വീണ്ടും തലപൊക്കാന്‍ തുടങ്ങിയതോടെ തലസ്ഥാനമായ ബെയ്ജിങ്ങിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
ശനിയാഴ്ച പുതുതായി ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് വ്യാപനമുണ്ടാവുമോയെന്ന ഭയം മൂലമാണിത്.
ദക്ഷിണ ബെയ്ജിങ്ങിലെ ഫെങ്ടായ് ജില്ലയിലെ 11 റസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകളില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്.
കൂടുതല്‍ പേര്‍ക്കും സമീപത്തെ മാംസമാര്‍ക്കറ്റില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ടുമാസമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ബെയ്ജിങ്ങില്‍ വ്യാഴാഴ്ചയാണ് ഒരാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ ഷിന്‍ഫാദി മാംസമാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞവര്‍ഷം വുഹാനില്‍ കൊവിഡ് കണ്ടെത്തിയ ശേഷം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഷിന്‍ഫാദി മാംസമാര്‍ക്കറ്റിലെ തൊഴിലാളികളാണ്.
വേറൊരാള്‍ അവിടെ സന്ദര്‍ശിച്ചയാളും മറ്റു രണ്ടുപേര്‍ ഏഴു കി.മീ അകലെയുള്ള ചൈന മാംസ ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരുമാണ്. ഇതിലൊരാള്‍ കഴിഞ്ഞയാഴ്ച മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു. ഇതോടെ അധികൃതര്‍ മാര്‍ക്കറ്റ് അടച്ചിട്ടുണ്ട്.
രോഗികളിലൊരാള്‍ സന്ദര്‍ശിച്ച കടല്‍വിഭവ മാര്‍ക്കറ്റും അടച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ ഒന്‍പത് സ്‌കൂളുകളും നഴ്‌സറി സ്‌കൂളുകളും അടച്ചിട്ടുണ്ട്.
മെയ് 30 മുതല്‍ ഷിന്‍ഫാദി മാംസമാര്‍ക്കറ്റുമായി ഇടപഴകിയ എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്ന് ബെയ്ജിങ് അധികൃതര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് 83,075 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 4,634 പേര്‍ മരിക്കുകയും 78,367 പേര്‍ക്ക് രോഗം സുഖപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."