ശ്രീബുദ്ധന്റെ ജീവിതം തോല്‍പാവക്കൂത്താക്കി വിശ്വനാഥ പുലവര്‍
പാലക്കാട്: ശ്രീബുദ്ധചരിത്രത്തെ ആസ്പദമാക്കി ഒരു തോല്‍പാവക്കൂത്ത്. ഇന്ത്യയിലാദ്യമായാണ് ശ്രീബുദ്ധചരിതം തോല്‍പാവകൂത്തായി അവതരിപ്പിക്കുന്നത്. കൂനത്തറ വിശ്വനാഥ പുലവരുടെ നേതൃത്വത്തിലുള്ള ഒന്‍പതു പേരാണ് ഈ കൂത്ത് അവതരിപ്പിക്കുന്നത്. ശ്രീബുദ്ധന്റെ ജനനം മുതല്‍ ബുദ്ധോപദേശം വരെയുള്ള ചരിത്രമാണ് ഇതില്‍ അവതരിപ്പിക്കുന്നത്. 2016 ഒക്ടോബര്‍ 13ന് പാലക്കാട് മോയന്‍സ് എല്‍.പി സ്‌ക്കൂളിലാണ് ഈ തോല്‍പാവക്കൂത്ത് ആദ്യമായി അവതരിപ്പിച്ചത്. ഇതിനായി 50 ഓളം പാവകള്‍ ഇവര്‍ നിര്‍ഇിച്ചിരുന്നു. ഫലത്തില്‍ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ് ഇതിന്റെ പാവകള്‍ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വര്‍ധിപ്പിക്കാന്‍ പാവകളില്‍ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ സൗന്ദര്യം കൂട്ടുന്നു. ഇത് ഒരു നിഴല്‍ക്കൂത്താണ്. അതുകൊണ്ട് പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്. കൂത്തുമാടത്തില്‍ മുകളില്‍ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തില്‍ തിരശ്ശീല കെട്ടുന്നു. മാന്‍തോലു കൊണ്ടുണ്ടാക്കിയ പാവകളെ തുടക്കത്തില്‍ മുകളിലെ വെള്ള തിരശ്ശീലയില്‍ കാരമുള്ള് ഉപയോഗിച്ച് കഥയ്ക്കനുയോജ്യമായരീതിയില്‍ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേല്‍ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനില്‍ക്കുന്നുണ്ടാകും. പുറകില്‍ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയില്‍ തോല്‍പാവകളുടെ നിഴലുകള്‍ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനുസരിച്ച് ഒരാള്‍ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനില്‍ക്കുന്ന വടിയില്‍ പിടിച്ച് ചലിപ്പിക്കുന്നു. തിരശ്ശീലയില്‍ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദര്‍ഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.
ശ്രീബുദ്ധചരിതം തോല്‍പാവകൂത്തിന്റെ പാട്ടില്‍ ബുദ്ധമത തത്വങ്ങളും ബുദ്ധമത സൂക്തങ്ങളുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. പുറകില്‍ 21 എണ്ണ വിളക്ക് കത്തിച്ചാണ് നിഴലുകള്‍ പുറത്തു കാണിക്കുന്നത്. ബുദ്ധ പൂര്‍ണിമയോടനുബന്ധിച്ച് മെയ് പത്തിന് ഇവര്‍ നാഗപ്പൂരില്‍ ഈ തോല്‍പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്.
തോല്‍പാവക്കൂത്ത് അതവതരിപ്പിക്കുന്ന വരെ പുലവര്‍ എന്നാണ് പറഞ്ഞുവരുന്നത്. ഒറ്റപ്പാലം താലൂക്കിലെ മനിശ്ശേരിയില്‍ ഈ കലാരൂപം അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്. പാലക്കാട്ടു ശിങ്കപ്പുലവര്‍ എന്ന ആളാണ് ഈ സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയതെന്നു പറഞ്ഞുവരുന്നു. ഇഷ്ടിരങ്ങപ്പുലവര്‍ കാലാന്തരത്തില്‍ അഭിനയത്തിലും പ്രവചനത്തിലും മറ്റു പല പരിഷ്‌കാരങ്ങളും വരുത്തി.
ഭഗവതിക്ഷേത്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ് തോല്‍പ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ ഒരു ഐതിഹ്യവുമുണ്ട്. പണ്ട് ദേവന്മാര്‍ക്കും ഋഷികള്‍ക്കും, മാനവര്‍ക്കുമെല്ലാം ശല്യമായ ദാരികന്‍ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവന്‍ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തില്‍നിന്ന് ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാള്‍ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവില്‍ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മില്‍ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമരാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമന്‍ രാവണനെ നിഗ്രഹിക്കുന്നതു കാണാന്‍ കാളിക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളില്‍ തോല്‍പ്പാവക്കൂത്ത് നടത്തി വരുന്നത്. എന്നാല്‍ ശ്രീബുദ്ധചരിതം തോല്‍പാവക്കൂത്ത് ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കാറില്ലെന്ന് വിശ്വനാഥ പുലവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."