HOME
DETAILS
MAL
ഐ.സി.യുകളും വെന്റിലേറ്ററുകളും ഫുള്‍!
backup
June 14 2020 | 03:06 AM
മുംബൈ: ഇന്ത്യയില്‍ മറ്റേതു സംസ്ഥാനത്തേക്കാളും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. അവിടെ, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസംതന്നെ ഒരു ലക്ഷം പിന്നിട്ടിരുന്നു. മഹാരാഷ്ട്രയില്‍ കൂടുതല്‍ രോഗവ്യാപനം നടന്നത് മുംബൈയിലാണ്. സംസ്ഥാനത്ത് പകുതിയിലേറെ രോഗികളും മുംബൈയിലാണ്.
എന്നാല്‍, മുംബൈയില്‍ നിലവില്‍ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയിലെ ലഭ്യമായതില്‍ 99 ശതമാനം ഐ.സി.യുകളിലും 94 ശതമാനം വെന്റിലേറ്ററുകളിലും നിലവില്‍ രോഗികള്‍ നിറഞ്ഞിട്ടുണ്ടെന്നാണ് മുനിസിപ്പല്‍ കോര്പറേഷന് ഇന്നലെ വ്യക്തമാക്കിയത്. ആശുപത്രി ബെഡ്ഡുകളും തീരാറായിട്ടുണ്ട്. ഓക്സിജന്‍ ബെഡ്ഡുകളിലും 76 ശതമാനവും നിലവില്‍ ഉപയോഗത്തിലാണ്. ഇതോടെ, മുംബൈയില്‍ ഡല്‍ഹിയെപ്പോലെ ചികിത്സാ സൗകര്യത്തിനു പ്രയാസം നേരിടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നിലവില്‍, കൂടുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രം അഡ്മിറ്റ് ചെയ്താല്‍ മതിയെന്ന് ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയതായാണ് സൂചന. രോഗികളെ പരമാവധി വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാനും നിര്ദേശമുണ്ടെന്നറിയുന്നു.
എന്നാല്‍, വേണ്ട ചികിത്സാ സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നേരത്തെ ഡല്‍ഹിയില്‍ ചികിത്സാ സൗകര്യം കുറവാണെന്ന ആരോപണമുയര്‍ന്നതിനു പിന്നാലെ, ചിലയിടങ്ങളില്‍ തദ്ദേശീയര്‍ക്കു മാത്രമായി ചികിത്സ പരിമിതപ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
ഇതു വന്‍ വിവാദമായതോടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ട് ഇതു റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."