കണ്ടമംഗലം ചന്ദന മോഷണ കേസ്; മൂന്നു പേര് കൂടി പിടിയില്‍
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കണ്ടമംഗലം ചന്ദന മോഷണക്കേസില്‍ മൂന്ന് പ്രതികളെ കൂടി വനം വകുപ്പ് അധികൃതര്‍ പിടികൂടി. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി.
തിരുവിഴാംകുന്ന് ഇരട്ടവാലിയിലെ പറമ്പത്ത് വീട്ടില്‍ സജീര്‍ എന്ന ഫക്രു (21), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി വാളാലില്‍ കട്ടേക്കാട് വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (36), കരിമ്പുഴ ആറ്റാശ്ശേരി കരിപ്പമണ്ണയിലെ പറമ്പില്‍ പീടിക വീട്ടില്‍ സാജി (35) എന്നിവാണ് ബുധനാഴ്ച പിടിയിലായത്. 2016 സെപ്റ്റംബര്‍, നവംബര്‍, 2017 ഫെബ്രുവരി എന്നീ കാലയളവില്‍ കണ്ടമംഗലം വനമേഖലയില്‍നിന്ന് വ്യാപകമായി ചന്ദന മോഷണം നടന്ന കേസിലാണ് ഇവരെ പിടികൂടിയത്.
മോഷണം നടത്തിയ ചന്ദനങ്ങള്‍ സംസ്ഥാന വ്യാപകമായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നയാളാണ് കരിപ്പമണ്ണ സ്വദേശി സാജിയെന്ന് അധികൃതര്‍ പറഞ്ഞു. തൃശൂര്‍ വെളളിക്കുളങ്ങര റെയ്ഞ്ചിലെ കനകമല വനത്തില്‍നിന്ന് ചന്ദനം മോഷ്ടിച്ച കേസിലും ഇവര്‍ മൂന്നു പേരും പ്രതികളാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
അട്ടപ്പാടി, അഗളി, മണ്ണാര്‍ക്കാട് എന്നീ വനം വകുപ്പ് റെയ്ഞ്ചുകളിലെ വിവിധ കേസുകളിലെ പ്രതികളാണിവര്‍. പിടികൂടിയ മൂന്നു പേരെയും കോടതിയില്‍ ഹാജരാക്കി. കേസില്‍ ഇനിയും രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഈ കേസില്‍ നേരത്തെ കണ്ടമംഗലം പുറ്റാനിക്കാട് സ്വദേശികളായ അഷറഫ്, അര്‍സല്‍, കോട്ടോപ്പാടം കൂമഞ്ചേരിക്കുന്ന് സ്വദേശി സൈഫുദ്ദീന്, തൃശൂര്‍ സ്വദേശികളായ രഞ്ജിത്ത്, രാഗേഷ് തുടങ്ങിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
റെയ്ഞ്ച് ഓഫിസര്‍ ഗണേഷന്, തിരുവിഴാംകുന്ന് വനം വകുപ്പ് ഓഫിസിലെ ഫോറസ്റ്റര്‍മാരായ എസ്. റജികുമാര്‍, ആര്. സജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ മുഹമ്മദ് അല്‍ത്താഫ്, എം. സാനിര്‍, സി. സജിമോന്‍, പി. അബ്ദു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."