ലീഡര്‍ക്ക് സമം ലീഡര്‍ മാത്രം
ചരിത്രം സൃഷ്ടിച്ചവര്‍ പലരുമുണ്ടാകാം. പക്ഷേ, അവരില്‍ മിക്കവര്‍ക്കും സ്വയം ചരിത്രമാകാന്‍ കഴിയാറില്ല. ചരിത്രം സൃഷ്ടിക്കാനും സ്വയം ചരിത്രമാകാനും സാധിച്ചവര്‍ അതിവിരളമാണ്. ആ അപൂര്‍വതയില്‍ കേരളം എഴുതിച്ചേര്‍ത്ത പേരാണു കെ. കരുണാകരന്‍ എന്നത്. ഇന്നു നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളം സൃഷ്ടിച്ചവരില്‍ പ്രമുഖനാണു കെ. കരുണാകരന്‍. കേരളരാഷ്ട്രീയചരിത്രത്തിലെ തിളങ്ങുന്ന അധ്യായം കൂടിയാണദ്ദേഹം.
ദേശീയപ്രസ്ഥാനം ഉച്ചാവസ്ഥയിലെത്തി നില്‍ക്കുന്ന 1930 കളുടെ മധ്യത്തിലാണു കരുണാകരന്റെ രാഷ്ട്രീയരംഗപ്രവേശം. കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശിയായ കണ്ണോത്ത് കരുണാകരനെന്ന സാധാരണ യുവാവ് നാട്ടില്‍നിന്നു തൃശൂരിലേയ്ക്കു തട്ടകം മാറ്റി. ആ മാറ്റം പില്‍ക്കാല കേരള രാഷ്ട്രീയ, സാമൂഹിക ചരിത്രത്തെ മാറ്റിമറിച്ചു. പിന്നീട്, ദീര്‍ഘകാലം കരുണാകരനുള്ള കേരളചരിത്രമാണു രൂപപ്പെട്ടത്.
ഇനിയെത്ര നൂറ്റാണ്ടു കഴിഞ്ഞാലും ആധുനിക കേരളത്തിന്റെ ചരിത്രമെഴുതുന്നവര്‍ക്ക് കെ. കരുണാകരനെന്ന വ്യക്തിത്വത്തെ ആഴത്തില്‍ പ്രതിപാദിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. കാരണം, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം വരെയുള്ള കേരള രാഷ്ട്രീയചരിത്രം കെ കരുണാകരനെന്ന ലീഡറെ ഭ്രമണം ചെയ്താണു വര്‍ത്തിച്ചത്.
നെഹ്‌റു കുടുംബത്തിലെ മൂന്നു തലമുറകള്‍ക്കൊപ്പം അടുത്തു പ്രവര്‍ത്തിച്ച നേതാവ്, കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ മാര്‍ഗവും ഗതിയും നിര്‍ണയിച്ച ഐക്യജനാധിപത്യ മുന്നണിക്ക് അടിത്തറയിട്ട ദീര്‍ഘദര്‍ശി, ചടുലമായ രാഷ്ട്രീയനീക്കങ്ങളിലൂടെ ആരാധകരെയും എതിരാളികളെയും ഒരുപോലെ വിസ്മയിച്ച രാഷ്ട്രീയചാണക്യന്‍... ലീഡറെക്കുറിച്ചു പറഞ്ഞു തുടങ്ങിയാല്‍ ആദ്യന്തമില്ലാത്ത പ്രപഞ്ചത്തെക്കുറിച്ചു പറയുന്നപോലെയാകും.
നിശ്ചയദാര്‍ഢ്യം മനുഷ്യരൂപമെടുത്താല്‍ കെ കരുണാകരനാകും. തീരുമാനമെടുത്താല്‍ അതില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കും സാധ്യമായിരുന്നില്ല. രാഷ്ട്രീയരംഗത്തെ അതിസാഹസികനായിരന്നു. 1980 ലെ നയനാര്‍ മന്ത്രിസഭയെ ഇരുപതു മാസത്തിനുള്ളില്‍ പൊളിച്ചടുക്കി അതിലെ ഘടകകക്ഷികളെ ഒപ്പംകൂട്ടി ഐക്യജനാധിപത്യമുന്നണിയും ആ മുന്നണിയുടെ നേതൃത്വത്തിലൊരു മന്ത്രിസഭയുമുണ്ടാക്കാന്‍ ആ സാഹസികതയാണ് അദ്ദേഹത്തിനു ശക്തിപകര്‍ന്നത്.
1982 ലെ ആ നിയമസഭയിലേയ്ക്കാണു ഞാനുള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ യുവനിര കാലെടുത്തു വയ്ക്കുന്നത്. ചെറുപ്പക്കാരെ എന്നും മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാന്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു ലീഡര്‍. എന്റെ മാര്‍ഗദര്‍ശിയും കരുത്തും പ്രേരണയും എക്കാലത്തും അദ്ദേഹമായിരുന്നു. 1986ല്‍ എന്റെ 28 ാമത്തെ വയസിലാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ എന്നെ ഉള്‍പ്പെടുത്തുന്നത്.
ഭരണനിര്‍വഹണരംഗത്ത് ഒരു സര്‍വകലാശാലയായിരുന്നു ലീഡര്‍. എന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച അനുഭവമെന്താണെന്നു ചോദിച്ചാല്‍ ലീഡറുടെ മന്ത്രിസഭയിലിരുന്ന കാലം എന്നായിരിക്കും ഉത്തരം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയും തിരുമാനങ്ങളെടുത്തു നടപ്പാക്കുന്നതിലെ ചടുലതയും ധൈര്യവുമെല്ലാം നേരിട്ടു മനസ്സിലാക്കിയതു പില്‍ക്കാല രാഷ്ടീയജീവിതത്തില്‍ മുതല്‍ക്കൂട്ടായി മാറി.
മുന്നണിരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രാഷ്ട്രീയപരീക്ഷണങ്ങള്‍ പില്‍ക്കാലത്ത് ഇന്ത്യക്കു തന്നെ മാതൃകയായി. ആ അര്‍ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിനു പുത്തന്‍ ദിശാബോധം നല്‍കിയ നേതാവെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതില്‍ അപാകതയില്ല. ഭരണകര്‍ത്താവ് എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് ഇങ്ങനെയായിരിക്കണമെന്നു ചൂണ്ടിക്കാട്ടാന്‍ മലയാളിക്കു മുന്നില്‍ ഒരാളേയുള്ളു, അതു ലീഡറാണ്.
തിരുമാനങ്ങളെടുക്കുക, അതു വേഗത്തില്‍, സമഗ്രതയില്‍ നടപ്പാക്കുക, അതു ജനങ്ങള്‍ക്കു ദീര്‍ഘകാലത്തേയ്ക്കു ഗുണം ചെയ്യുന്നതായിരിക്കണമെന്നതില്‍ ഉറച്ചുനില്‍ക്കുക... ഇതാണു മാതൃകാഭരണാധികാരിയുടെ ലക്ഷണം. ഭരണം കലയാണെങ്കില്‍ ഇന്ത്യ കണ്ട മികച്ച കലാകാരനാണു കെ. കരുണാകരന്‍. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയവിമര്‍ശകര്‍ പോലും പറയുന്നതാണ്.
അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കു നന്മയുണ്ടാക്കുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുകയെന്ന ഗാന്ധിയന്‍ ദര്‍ശനപദ്ധതിയാണു ലീഡര്‍ എന്നും പിന്തുടര്‍ന്നിരുന്നത്. അതിന്റെ തെളിവാര്‍ന്ന ഉദാഹരണമാണ് അദ്ദേഹത്തിന്റെ കാലത്തു സംസ്ഥാന സര്‍വിസിലേയ്ക്കു നടത്തിയ പട്ടിക ജാതി, പട്ടികവര്‍ഗ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്. താഴേക്കിടയിലുള്ള ജനവിഭാഗങ്ങളെ ശാക്തീകരിച്ച് അധികാരത്തില്‍ പങ്കാളിയാക്കുന്നതാണു സാമൂഹ്യവികസനത്തിന്റെ ആണിക്കല്ലെന്ന് അദ്ദേഹം എന്നും കരുതിയിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രിയായിരുന്നു ലീഡര്‍. അദ്ദേഹം കേരളത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ച 1970 കളിലാണ് ഇന്ത്യയിലെങ്ങും മാവോയിസ്റ്റ്, നക്‌സല്‍ ആക്രമണങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിനു നേരേ ഭീഷണിയുയര്‍ത്തിയത്. കേരളത്തില്‍ അവയ്‌ക്കെതിരേ അദ്ദേഹം ശക്തമായ നിലപാടെടുത്തു. കേരളത്തെ ഇത്തരം ആഭ്യന്തരഭീഷണികളില്‍ നിന്നു രക്ഷപ്പെടുത്തി.
ഇതില്‍ അദ്ദേഹത്തെ വിമര്‍ശിച്ചവരുണ്ടായിരുന്നു. എന്നാല്‍, കേരളത്തെ മറ്റൊരു ജാര്‍ഖണ്ഡോ ചത്തീസ്ഗഡോ ആക്കി മാറ്റാതിരുന്നതു ലീഡറുടെ അതിശക്തമായ നിലപാടു തന്നെയായിരുന്നു. ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയത്തിലും ഏറ്റവും മികച്ച ആളുകളെ കണ്ടെത്തി എല്ലാ പിന്തുണയും നല്‍കി. അവരുടെ കഴിവുകള്‍ സമൂഹത്തിനായി ഉപയോഗിച്ചു. ഏറ്റവും മിടുക്കരെ ഉപയോഗിച്ച് ഏറ്റവും മികച്ച കാര്യങ്ങള്‍ ജനങ്ങള്‍ക്കായി ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
ആധുനിക മാനേജ്‌മെന്റ് തത്വങ്ങളില്‍ പറയുന്ന നേതൃത്വഗുണത്തിന്റെ ഉത്തമോദാഹരണമായിരുന്നു കരുണാകരന്‍. അദ്ദേഹം മുന്നില്‍ നിന്നു നയിച്ചു, ഒപ്പം നില്‍ക്കുന്നവരില്‍ വിശ്വാസമര്‍പ്പിച്ചു, അവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വിശ്വസിച്ചു നല്‍കി, അവരില്‍ നിന്നു താനുദ്ദേശിച്ച ഫലം കൊയ്തു. അതായിരുന്നു കരുണാകരന്റെ വിജയം.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലത്താണു കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വലിയ പദ്ധതികളെല്ലാം വരുന്നത്. വികസനത്തിനായി ഏതറ്റം വരെ പോകാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല.
ദക്ഷിണ വ്യോമസേനാ കമാന്‍ഡ് ചെന്നൈയിലേയ്ക്കു കൊണ്ടുപോകാന്‍ അന്നത്തെ തമഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആര്‍ പതിനെട്ടടവും പയറ്റി. ചെന്നൈയില്‍ 5000 ഏക്കറോളം ഭൂമി കണ്ടെത്തി. എന്നാല്‍, അന്നത്തെ പ്രധാനമന്ത്രിയില്‍ കരുണാകരനുണ്ടായിരുന്ന സ്വാധീനത്തെ വെല്ലാന്‍ അതുകൊണ്ടൊന്നുമായില്ല. അങ്ങനെ, തിരുവനന്തപുരത്തെ ആക്കുളത്ത് ദക്ഷിണ വ്യോമസേന കമാന്‍ സ്ഥാപിക്കപ്പെട്ടു.
ജനങ്ങളില്‍നിന്നു പണം പിരിച്ചു വിമാനത്താവളമുണ്ടാക്കുകയെന്നതു കാല്‍നൂറ്റാണ്ടു മുമ്പു ചിന്തിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. പക്ഷേ, കരുണാകരന്‍ അതു ചിന്തിച്ചു, നെടുമ്പാശ്ശേരിയില്‍ അതു യാഥാര്‍ഥ്യവുമാക്കി. അന്ന് അതു മുടക്കാനും വിമര്‍ശിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നവര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളം യാഥാര്‍ത്ഥ്യമായപ്പോള്‍ സാരഥികളാകാന്‍ മത്സരിച്ചു.
1993 ല്‍ എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടന്ന സന്തോഷ് ട്രോഫി ഫൈനല്‍ മത്സര ദിവസമാണ് കേരളത്തില്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഉടന്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം ലീഡര്‍ നടത്തുന്നത്. ഏറെ വൈകാതെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം നിലവില്‍വന്നു.
അവസാന കാലം അദ്ദേഹം പാര്‍ട്ടിവിട്ടു പോകുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമുണ്ടായി. അദ്ദേഹത്തെ പാര്‍ട്ടിയിലേയ്ക്കു തിരിച്ചു കൊണ്ടുവരുന്നതില്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന എനിക്കു ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. കരുണാകരനു സമം കരുണാകരന്‍ മാത്രം. ഒരു നാടിനെയും ജനങ്ങളെയും ദശാബ്ദങ്ങളോളം നയിച്ച അതുല്യനായ നേതാവെന്ന നിലയില്‍ മലയാളികളുള്ളിടത്തോളം ലീഡര്‍ ഓര്‍മിക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."