ശനി, ഞായര്‍ ദിവസങ്ങളിലായി 29 കുളങ്ങള്‍ക്ക് പുതുജീവനേകും
കൊച്ചി: അമ്പതു ദിനങ്ങള്‍ക്കുള്ളില്‍ നൂറുകുളങ്ങള്‍ വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച എന്റെ കുളം പരിപാടിയുടെ രണ്ടാംഘട്ടമായി അടുത്ത ശനി, ഞായര്‍ ദിനങ്ങളില്‍ ജില്ലയിലെ 29 കുളങ്ങള്‍ കൂടി വൃത്തിയാക്കും.
പൂര്‍ണമായും ജനപങ്കാളിത്തത്തോടെയാണു പരിപാടി നടപ്പിലാക്കുന്നത്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ രണ്ടു കുളങ്ങള്‍ ശുചിയാക്കി രണ്ടുദിവസത്തെ പരിപാടിക്കു തുടക്കമിടും.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, കോളജ് എന്‍.എസ്.എസ്, നാട്ടുകാര്‍ തുടങ്ങിയവരുടെയൊക്കെ പങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ഫെബ്രുവരി വരെ 32 ശതമാനം മഴ മാത്രമാണു ലഭിച്ചത്. അതിനാല്‍ ലഭിക്കുന്ന വെള്ളം പരമാവധി സംരക്ഷിക്കാനുള്ള ശ്രമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും മറ്റ് സന്നദ്ധ ഏജന്‍സി പ്രതിനിധികളുടെയും യോഗത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു. വൃത്തിയാക്കല്‍ യജ്ഞത്തില്‍ പങ്കെടുക്കുന്നവര്‍ക്കു കുടുംബശ്രീ അംഗങ്ങള്‍ ഭക്ഷണവും കുടിവെള്ളവും ഒരുക്കും. ആഴമുള്ള കുളങ്ങളുടെ വൃത്തിയാക്കലിനു ഫയര്‍ഫോഴ്‌സിന്റെ സഹായവും ഉണ്ടാകും. കുളങ്ങളിലെ വെള്ളം ഒരു കാരണവശാലും വറ്റിക്കാന്‍ പാടില്ല.
ടൗണ്‍ചിറ, കവളപ്പറമ്പു കുളം അങ്കമാലി, കണ്ണന്‍കുളം, കുണ്ടുകുളം, മുതട്ടിക്കുളം കാലടി, കുറ്റിക്കാട്ടുകുളം കറുകുറ്റി, ആനേലിച്ചിറകീഴ്മാട്, പഞ്ചായത്തുകുളം, പുത്തന്‍കുളം മഞ്ഞപ്ര, വലിയചിറ, പാണ്ടിയപ്പള്ളിച്ചിറ മൂക്കന്നൂര്‍, കവളങ്ങാട്ടുചിറ പുത്തന്‍വേലിക്കര, വെളിയപറമ്പ് ലിഫ്റ്റ് ഇറിഗേഷന്‍, കല്ലുപാടം കുളം തുറവൂര്‍, ചാത്തകുളം ആമ്പല്ലൂര്‍, ഇരുവേലി കണ്ണന്‍ചിറ ചോറ്റാനിക്കര, മോചാകുളം, ചിന്നുകുളം, പഞ്ചന്‍കുളം എടത്തല, ഇലഞ്ഞിക്കല്‍ അമ്പലക്കുളം ഏലൂര്‍, ഇലഞ്ഞികുളം, ഇലയന്റെ കുളം അങ്കമാലി, ഗണപതി കുളം കിഴക്കമ്പലം, പൊട്ടന്‍കുളം കുന്നത്തുനാട്, ഘണ്ഠാകര്‍ണാകാവുകുളം മരട്, തൈക്കാവു കുളം മരട്, പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രക്കുളം മുളന്തുരുത്തി, മരുതന്‍മലച്ചിറ തിരുവാണിയൂര്‍, ഒറ്റാനയ്ക്കല്‍ച്ചിറ തൃപ്പൂണിത്തുറ നഗരസഭ എന്നീ കുളങ്ങളാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ വൃത്തിയാക്കുന്നത്. മലയാറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടുകുളങ്ങളുടെ വൃത്തിയാക്കല്‍ പെരുനാളുകള്‍ പ്രമാണിച്ച് മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."