15 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. നെട്ടൂര്‍ പഴയ ജുമാമസ്ജിദിന് സമീപം നെങ്ങ്യാരത്ത് പറമ്പ് വീട്ടില്‍ സൈനുദ്ദീന്റെ മകന്‍ സൈഫുദ്ദീന്‍ (27) ആണ് ഇന്നലെ അറസ്റ്റിലായത്.
ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആകെ മൂന്നുപേരാണ് ഇതുവരെ അറസ്റ്റിലായത്. പതിനഞ്ചോളം പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. ഇവരെല്ലാം എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്.
കോട്ടയം കങ്ങഴ ചിറക്കല്‍വീട്ടില്‍ ബിലാല്‍ (19), മഹാരാജാസ് കൊളജില്‍ ഒന്നാംവര്‍ഷ അറബിക് ബിരുദപഠനത്തിന് ചേര്‍ന്ന പത്തനംതിട്ട കുളത്തൂര്‍ നാലകത്തിനാല്‍ വീട്ടില്‍ ഫാറൂക്ക്(19), ഫോര്‍ട്ട് കൊച്ചി പുതയാനി ഹൗസ് റിയാസ്(37) എന്നിവരുടെ അറസ്റ്റാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായിട്ടാണു കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ഇവരെക്കൂടാതെ 15 പേരാണ് അറസ്റ്റിലായത്. ബാക്കിയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി.
കൊലയ്ക്കു ശേഷം രണ്ടു സംഘമായി വേര്‍പിരിഞ്ഞ സംഘത്തിലെ മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവര്‍ ഇടുക്കി വഴി അതിര്‍ത്തി കടന്നതായാണ് വിവരം. ഇവര്‍ വണ്ടിപ്പെരിയാറില്‍ എത്തിയതായും എസ്.ഡി.പി.ഐ പ്രാദേശിക നേതാക്കളുടെ സഹായത്തോടെ തമിഴ്‌നാട് ഭാഗത്തേക്കു കടന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ സഹായിച്ചതായി കരുതുന്ന ഏതാനും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടാമത്തെ സംഘത്തിലുള്ളവര്‍ കേരളത്തില്‍ തന്നെയുണ്ടെന്നാണ് നിഗമനം.
പ്രതികളെ സഹായിച്ചതായി കരുതുന്ന ഏതാനും പേരും കസ്റ്റഡിയിലുണ്ട്. എറണാകുളം നോര്‍ത്ത് എസ്.ആര്‍.എം റോഡിലെ താമസ സ്ഥലം കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായിട്ടാണു സംശയം. കൊലപാതകം നടന്ന ദിവസം നോര്‍ത്ത് പൊലിസ് ഇവിടെ റെയ്ഡ് ചെയ്‌തെങ്കിലും ആരുമുണ്ടായിരുന്നില്ല. എട്ടു സംഘങ്ങളായി തിരിഞ്ഞാണു പൊലിസ് അന്വേഷണം നടത്തുന്നത്
അതേസമയം, സംഭവത്തിനു പിന്നില്‍ പ്രൊഫഷനല്‍ കൊലയാളി സംഘമാണെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ പറഞ്ഞു. ഇതില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലക്കു പിന്നില്‍ വിദഗ്ധരായ സംഘമാണെന്ന് പൊലിസ് തുടക്കത്തില്‍തന്നെ വ്യക്തമാക്കിയിരുന്നു. പിന്നില്‍ എസ്.ഡി.പി.ഐ-കാംപസ് ഫ്രണ്ട് ഗൂഢാലോചനയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയും നടക്കുന്നു. കൊലക്ക് മുന്‍പും ശേഷവും എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ഫോണ്‍ സംഭാഷണങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്.
സംഭവ ദിവസം 12 പേരുടെ സാന്നിധ്യം കാംപസ് പരിസരത്തുണ്ടായിരുന്നെന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്.
കുത്താന്‍ ഉപയോഗിച്ചത് ഒരു പ്രത്യേകതരം കത്തിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. അതേസമയം, അക്രമികളെ കാംപസിലേക്ക് വരുത്തിയ മുഖ്യപ്രതി ജെ.ഐ മുഹമ്മദ് അടക്കമുള്ള എട്ടുപേര്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."