ചാർട്ടേഡ് വിമാനത്തില്‍ വിദേശത്ത് നിന്ന് വരുന്നവർ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന നിലപാട് വിവേചനം: കെഡിഎംഎഫ് റിയാദ്
റിയാദ്: ചാർട്ടേഡ് വിമാനത്തിൽ വിദേശത്ത് നിന്നും യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവർ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തണമെന്നുള്ള കേരള സർക്കാർ നിലപാട് ചാർട്ടേഡ് വിമാനത്തിൽ വരുന്ന പ്രവാസികളോടുള്ള കടുത്ത വിവേചനമാണ്. കൊവിഡ് മൂലം വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചു കൊണ്ട് വരുന്നതിന് തുടങ്ങിയ വന്ദേ ഭാരത് മിഷന്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് കെ എം സി സി പോലുള്ള സന്നദ്ധ സംഘടനകളും ചില ട്രാവൽ ഏജൻസികളും നീണ്ട നടപടിക്രമങ്ങള്‍ പാലിച്ച് ചാർട്ടേഡ് വിമാനങ്ങള്‍ ഏർപ്പെടുത്തിയത്.
എന്നാൽ, കേരള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമായി യാത്ര ചെയ്യുന്നതിന്റെ രണ്ട് ദിവസം മുമ്പ് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയത് അനീതിയാണ്. പ്രയാസത്തിലായ പ്രവാസികളെ ചേർത്ത് പിടിക്കേണ്ടതിന് പകരം അവരെ നിരന്തരം അവഗണിക്കുകയും അനീതി കാണിക്കുകയും ചെയ്യുന്നത് സർക്കാർ തുടരുകയാണ്. പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കടുത്ത മാനസിക പ്രയാസത്തിലൂടെയാണ് ഒട്ടേറെ പേർ കഴിഞ്ഞ് വരുന്നത്. ഇത്തരം വിവേചനപരമായ നിലപാടുകൾ തിരുത്താതിരിക്കുന്നത് കൂടുതൽ പ്രവാസി മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടാനേ ഉപകരിക്കൂവെന്നും സർക്കാർ ഈ ഉത്തരവ് പിൻവലിക്കണം കെ ഡി എം എഫ് റിയാദ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."