സുനന്ദയുടെ മരണം: തരൂരിന്റെ മുന്‍കൂര്‍ ജാമ്യത്തെ പൊലിസ് എതിര്‍ത്തു
ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ശശി തരൂര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധിപറയും. കഴിഞ്ഞദിവസം നല്‍കിയ ഹരജിയില്‍ ഇന്നലെ വാദം കേട്ട പട്യാലഹൗസ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി അരവിന്ദ് കുമാര്‍ വിധിപറയുന്നത് ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ഹരജിയില്‍ വാദംനടക്കുന്നതിനിടെ തരൂരിനു ജാമ്യം നല്‍കുന്നതിനെ കേസ് അന്വേഷിച്ച ഡല്‍ഹി പൊലിസിലെ പ്രത്യേക സംഘം (എസ്.ഐ.ടി) എതിര്‍ത്തു.
തരൂരിനെതിരേ കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്നും കേസിലെ ഏകപ്രതിയായ അദ്ദേഹത്തിനു ജാമ്യം നല്‍കിയാല്‍ വിദേശത്തേക്കു കടക്കുമെന്നും പൊലിസ് വാദിച്ചു. ഇതോടെയാണ് ഹരജിയില്‍ വിധിപറയുന്നത് കോടതി മാറ്റിവച്ചത്. തരൂര്‍ സമൂഹത്തില്‍ വളരെ സ്വാധീനമുള്ളയാളാണെന്നും വിദേശത്തു പോയാല്‍ അവിടെ തന്നെ കഴിയാന്‍ സാധ്യതയുണ്ടെന്നും പൊലിസ് പറഞ്ഞു. കേസില്‍ കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയുമാണ് തരൂരിനു വേണ്ടി ഹാജരായത്.
കേസന്വേഷണം പൂര്‍ത്തിയായി എന്നു കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നും അതേസമയം ആരെയെങ്കിലും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യേണ്ടതുണ്ടെന്നു ആവശ്യപ്പെടുന്നില്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നും അഭ്യര്‍ഥിച്ച് ചൊവ്വാഴ്ചയാണ് തരൂര്‍ ഹരജി നല്‍കിയത്. കേസില്‍ ശനിയാഴ്ച നേരിട്ട് ഹാജരാവണമെന്ന് കഴിഞ്ഞമാസം തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. ഹാജരാവേണ്ട ദിവസം അടുത്തിരിക്കെയാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."