കേരള സര്‍വകലാശാല യുവജനോത്സവം; തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് മുന്നില്‍
എം.എം അന്‍സാാര്‍
കഴക്കൂട്ടം: കാര്യവട്ടം കാംപസില്‍ നടന്നുവരുന്ന കേരള സര്‍വകലാശാലാ യുവജനോത്സവം മൂന്നു ദിനം പിന്നിടുമ്പോള്‍ 78 പോയിന്റോടെ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് മുന്നില്‍. രണ്ടാംദിവസം മുന്നില്‍ നിന്ന വഴുതക്കാട് വുമണ്‍സ് കോളജ് ഇന്നലെ മൂന്നാം സ്ഥാനത്തായി. 63 പോയിന്റുമായി മാര്‍ ഇവാനിയസാണ് രണ്ടാമത്. വഴുതക്കാട് വുമണ്‍സിന് 59 പോയിന്റാണുള്ളത്.യുവജനോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ ഒന്‍പത് വേദികളിലായി 34 ഇനങ്ങളില്‍ മത്സരം നടന്നു. കടുത്ത വേനല്‍ ചൂടിനിടയില്‍ നടന്ന മത്സരങ്ങളില്‍ മുന്‍വര്‍ഷത്തേക്കാള്‍ മത്സരാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി.
മത്സരങ്ങളുടെ സമയക്രമത്തിന്റെ താളം തെറ്റിയത് മത്സരാര്‍ഥികളെ വലച്ചു. മിക്ക മത്സരങ്ങളും അഞ്ച് മണിക്കൂറിലേറെ കഴിഞ്ഞാണ് തുടങ്ങിയത്. കഥാപ്രസംഗ മത്സരത്തിലെ ഫലത്തിനെതിരേ ഇന്നലെ മൂന്ന് അപ്പീലുകള്‍ നല്‍കി.
പ്രശ്ചന്നവേഷം, കേരളനടനം, ഒപ്പന, കഥാപ്രസംഗം, കോല്‍ക്കളി, ദഫ് മുട്ട് മുതലായ മത്സരങ്ങള്‍ കാണാന്‍ സദസ് നിറഞ്ഞുകവിഞ്ഞു. പ്രശ്ചന്ന വേഷം ഒന്നാം സ്ഥാനം സൗപര്‍ണിക പ്രദീപ് ( വഴുതക്കാട് വുമണ്‍സ് കോളജ്), എച്ച് .ആര്യ (തിരുവനന്തപുരം യൂനിവേഴ്‌സിറ്റി) എന്നിവര്‍ പങ്കിട്ടു.
രണ്ടാം സ്ഥാനം എസ്. സുപര്‍ണ (എസ്. എന്‍ കോളജ് കൊല്ലം). ദഫ് മുട്ട് ഒന്നാം സ്ഥാനം നെയ്യാറ്റിന്‍കര യു.ഐ.ഐ.ടി ടീം, പാശ്ചാത്യ സംഗീതം ഒന്നാം സ്ഥാനം എവുജിന്‍ ഇമ്മാനുവല്‍ (സ്വാതിതിരുനാള്‍ കോളജ് തിരുവനന്തപുരം) രണ്ടാം സ്ഥാനം മറിയ മാര്‍ട്ടിന്‍ (മാര്‍ ഇവാനിയസ് കോളജ് നാലാഞ്ചിറ), ഭരതനാട്യം ആണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം നീരജ്. വി.എസ് (സെന്റ് മൈക്കല്‍ കോളജ് ചേര്‍ത്തല) ഭരതനാട്യം പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം കൃഷ്ണ അജിത് (മാര്‍ ഇവാനിയസ് കോളജ് നാലാഞ്ചിറ) മാളവിക എസ് ഗോപന്‍(നിറമന്‍കര എന്‍.എസ്.എസ് കോളജ്) എന്നിവര്‍ പങ്കിട്ടു. രാത്രി ഏറെ വൈകിയും മത്സരങ്ങള്‍ നടന്നു.
വൈകല്യത്തെ മറികടന്ന് ജുനൈദ് എത്തിയത് മൂന്നാം സ്ഥാനത്ത്
കഴക്കൂട്ടം: വൈകല്യത്തെ മറികടന്ന് ജുനൈദ് എത്തിയത് മൂന്നാം സ്ഥാനത്ത്. പരിമിതികളുമായി മത്സരിച്ചാല്‍ സദസ് ഉള്‍ക്കൊള്ളുമോ എന്ന വലിയ ശങ്ക ജുനൈദിനെ ഏറെ അലട്ടിയിരുന്നെങ്കിലും അതിജീവനത്തിന്റെ യൗവനോസമായ കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ഭാവാഭിനയത്തില്‍ അത്യുഗ്ര പ്രകടനം കാഴ്ചവച്ച ജുനൈദിനെ സദസ് വാരി പുണര്‍ന്നു.
കോഴിക്കോട് താമരശ്ശേരി സ്വദേശിയും തിരുവനപുരം ആക്കുളം നിഷിലെ അവസാന വര്‍ഷ ബി.എസ്.എസി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ ഈ 22കാരന് നൂറ് ശതമാനം കേള്‍വിയും സംസാരശേഷിയുമില്ലങ്കിലും മിടുക്കനാണ് മുഹമ്മദ് ജുനൈദ്. ആടാനും പാടാനും അഭിനയിക്കുവാനുമൊക്കെ തനിക്ക് ഏറെ ഇഷ്ടമെന്ന് പറയുന്ന മുഹമ്മദ് ജുനൈദ് സ്‌ക്കൂള്‍ കോളജ് യുവജനോത്സവങ്ങളിലൊക്കെ വര്‍ഷങ്ങളായി സ്ഥിരം കാഴ്ചക്കാരനായിരുന്നു. മോണോആക്റ്റില്‍ മുഴുവന്‍ മത്സരാര്‍ഥികളും സംസാരിച്ച് കൊണ്ട് ആക്റ്റ് ചെയ്യുമ്പോള്‍ സംസാരിക്കാന്‍ കഴിയാത്ത തനിക്ക് എങ്ങനെ സദസിനെ ആക്ഷനിലൂടെ മനസിലാക്കി കൊടുക്കാന്‍ കഴിയുമെന്നായിരുന്നു ജുനൈദിന്റെ ആശങ്ക. ഏറ്റെടുത്ത വെല്ലുവിളിയാണ് കേരള സര്‍വകലാശാല യുവജനോത്സവ മോണോആക്റ്റ് മത്സരത്തില്‍ ജുനൈദിന് തിളക്കമേറിയ സമ്മാനം നേടി കൊടുത്തത്.
കേരളത്തില്‍ സ്ഥിരം സംഭവമായി മാറി കൊണ്ടിരിക്കുന്ന ലൈംഗിക പീഡനമാണ് ജുനൈദ് വിഷയമാക്കിയെങ്കിലും പീഡനത്തിന് ഇരയാകുന്നത് ഭിന്നശേഷി കാരിയായ 12 കാരി എന്നതായിരുന്നു പ്രത്യേകത.
ഉമര്‍ മൈമൂനത്ത് ദമ്പതികളുടെ മക്കളില്‍ അവസാനത്തെയാളാണ് ജുനൈദ്. കലയിലും പഠിത്തത്തിലും ഏറെ താല്‍പര്യമുള്ള ജുനൈദ് വരും നാളുകളില്‍ പുതു ചരിത്രങ്ങള്‍ കുറിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."