മദ്യപന്‍മാര്‍ക്ക് താങ്ങായി കോണ്‍ഗ്രസ് വനിതാ പഞ്ചായത്തംഗം
കുട്ടനാട് : എ.സി റോഡില്‍ നെടുമുടി പാലത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായ മദ്യപന്‍മാര്‍ക്ക് താങ്ങായി കോണ്‍ഗ്രസ് വനിതാ പഞ്ചായത്തംഗം രംഗത്ത്.
യു.ഡി.എഫ് വനിതാ അംഗം ജമീലാ മോഹന്‍ദാസിന്റെ നെടുമുടി മൂന്നാംവാര്‍ഡ് പടിഞ്ഞാറെ പൊങ്ങ പാലത്തിക്കാട് ക്ഷേത്ര ജങ്ഷന് സമീപമുളള കെട്ടിടവും പറമ്പുമാണ് ബിവറേജ് കോര്‍പ്പറേഷന് വാടകയ്ക്ക് നല്‍കിയിട്ടുള്ളത്. നേരത്തെ നെടുമുടി പാലത്തിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് കൈനകരിയിലേക്ക് മാറ്റിയെങ്കിലും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.
കേവലം അഞ്ചു ദിവസം മാത്രം പ്രവര്‍ത്തിച്ച ശേഷം പൂട്ടിയ ഔട്ട്‌ലെറ്റ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് യു.ഡി.എഫ് വനിതാ അംഗം രക്ഷകയായെത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചതറിഞ്ഞ് പ്രതിഷേധക്കാര്‍ എത്തിയെങ്കിലും പൊലിസ് മദ്യപന്‍മാര്‍ക്ക് അനുകൂല നിലപാടെടുത്ത് പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വസതിക്കു സമീപം പ്രവര്‍ത്തന സജ്ജമായ ഔട്ട്‌ലെറ്റില്‍ ആദ്യ ദിവസം തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
കുട്ടനാട്ടില്‍ രണ്ട് ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടിയത്. രാമങ്കരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനിരോധനത്തിന്റെ ഭാഗമായി നേരത്തെ പൂട്ടിയിരുന്നു.
കോടതി ഉത്തരവ് എത്തിയതോടെ കുട്ടനാട് സമ്പൂര്‍ണ മദ്യരഹിത മേഖലയായി മാറിയിരുന്നു. ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ടി.ഡി.സിയുടെ ബിയര്‍ പാര്‍ലറും സ്വകാര്യ ബാറും പൂട്ടപ്പെട്ടതോടെയാണ് കുട്ടനാട് സമ്പൂര്‍ണ മദ്യരഹിത മേഖലയായി മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."