സംസ്ഥാനപാതയില്‍ അപകടം പതിവാകുന്നു; അധികൃതര്‍ക്ക് നിസംഗത
കക്കട്ടില്‍: സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കാറ്റില്‍ പറത്തി വാഹനങ്ങളോടുമ്പോഴും അധികൃതര്‍ക്ക് നിസംഗത. കഴിഞ്ഞ ദിവസം മൊകേരി ടൗണിനടുത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരണപ്പെട്ടതുള്‍പ്പെടെ അപകട മരണങ്ങള്‍ പതിവായിരിക്കുകയാണ്.
കഴിഞ്ഞമാസം നരിപ്പറ്റ റോഡില്‍ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചിരുന്നു. ഇതേ സ്ഥലത്തുവച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചേട്ടാക്കല്‍ വേണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കക്കട്ട് ടൗണില്‍ ബൈക്കിടിച്ച് പരുക്കേറ്റ യുവാവും ചികിത്സയിലാണ്.
സംസ്ഥാനപാതയില്‍ വാഹന അപകടങ്ങള്‍ പെരുകുമ്പോഴും വേണ്ടത്ര പരിശോധനകളില്ലാത്തതിനാല്‍ നിയമം പാലിക്കാതെയാണ് പലരും വാഹനങ്ങള്‍ ഓടിക്കുന്നത്. അമിത വേഗതയും അശ്രദ്ധയും ഒരുപാടു ജീവനെടുത്ത നാദാപുരം-കുറ്റ്യാടി പാതയിലാണ് വേണ്ടത്ര സുരക്ഷയില്ലാതെയുള്ള മരണപ്പാച്ചില്‍.
ഇരുചക്രവാഹനങ്ങളില്‍ മൂന്നു പേര്‍ യാത്ര ചെയ്യുന്നതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഇരുചക്രവാഹനമോടിക്കുന്നതും പതിവ് കാഴ്ചയാണ്. വാഹന പരിശോധന കാര്യക്ഷമമല്ലാത്തതാണ് നിയമലംഘനം വര്‍ധിക്കാന്‍ കാരണം. വാഹനങ്ങള്‍ ടൗണുകളില്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്ത് ഗതാഗത തടസമുണ്ടാക്കുന്നതും നിരീക്ഷിക്കാന്‍ സംവിധാനമില്ലാത്തത് ചെറിയ അങ്ങാടികളില്‍ പോലും ഗതാഗത തടസം പതിവാകാന്‍ കാരണമാണ്.
സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയാല്‍ ഒരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഇത്തരം സംവിധാനം നിലവിലില്ലാത്തതിനാല്‍ രക്ഷിതാക്കളിലും അധ്യാപകരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. സ്വകാര്യ ബസുകള്‍ അമിത വേഗതയില്‍ ഓടുന്നത് പതിവായതിനെ തുടര്‍ന്ന് സ്ഥാപിച്ച ഡിവൈഡറുകള്‍ ചിലയിടങ്ങളില്‍ എടുത്തുമാറ്റിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."