കെ.എസ്.ഇ.ബിക്ക് ഇരുട്ടടിയായി ഫാള്‍ട്ടി മീറ്റര്‍
ഹരിപ്പാട്: മീറ്റര്‍ ഫാള്‍ട്ടിയില്‍ കെ.എസ്.ഇ.ബിയുടെ ചാര്‍ജ്ജ് ചോരുന്നു. കോടികളുടെ നഷ്ടം നികത്താന്‍ വേണ്ടി വീടുകളുടെയും ചെറുകിട കച്ചവടക്കാരുടെയും വൈദ്യുത നിരക്ക് കൂട്ടാന്‍ കാണിച്ച തിടുക്കം ഫാള്‍ട്ടി മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഹരിപ്പാട് ഡിവിഷനില്‍ തന്നെ ആകെ ഉപഭോക്താക്കളില്‍ പകുതിയില്‍ താഴെ എണ്ണവും ഫാള്‍ട്ടി മീറ്ററുകളാണ്. ഇലക്ട്രോണിക് മീറ്ററുകളുടെ വരവോടെയാണ് ഫാര്‍ട്ടി മീറ്ററുകളുടെ എണ്ണവും വര്‍ദ്ധിച്ചത്. മീറ്റര്‍ റീഡര്‍മാര്‍ റീഡിംഗ് എടുക്കാന്‍ എത്തുമ്പോള്‍ ഡിസ്പ്‌ളെ ഇല്ലാതെയും ബട്ടണ്‍ പ്രവര്‍ത്തിക്കാതെയും മറ്റുമുള്ള മീറ്ററുകള്‍ ആദ്യം ഡോര്‍ലോക്ക് ബില്ലിലും തുടര്‍ന്ന് ഫാള്‍ട്ടി സ്റ്റാറ്റസിലേക്കും മാറ്റുകയാണ് ചെയ്യുന്നത്.
ഫാള്‍ട്ടി സ്റ്റാറ്റസിലേക്ക് മാറ്റപ്പെടുമ്പോള്‍ നിലവിലുള്ള ആവറേജ് വെച്ച് മാത്രമാണ് അവിടെ ബില്‍ തുക വരുന്നത്. ഇത് ഭൂരിഭാഗം വീടുകളിലും ഉപയോഗത്തിന്റെ പകുതി മാത്രമായിരിക്കും. ഇങ്ങനെ തന്നെ കെ.എസ്.ഇ.ബിയ്ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്. കേടാകുന്ന മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി വേണ്ട ശ്രദ്ധ കാണിക്കാറില്ല. മുമ്പ് മീറ്റര്‍ റീഡര്‍മാരുടെ അറിയിപ്പ് പ്രകാരം കേടായ മീറ്ററുകള്‍ കെ.എസ്.ഇ.ബി തന്നെ മാറ്റി സ്ഥാപിച്ചിരുന്നു.
എന്നാല്‍ നിലവില്‍ സെക്ഷന്‍ ഓഫീസുകളില്‍ നിന്നും മീറ്റര്‍ മാറ്റി സ്ഥാപിച്ച് നല്‍കുന്നത് വിരളമാണ്. മീറ്റര്‍ മാറി വെയ്‌ക്കേണ്ട വീട്ടുകാര്‍ മുന്‍കൈ എടുത്ത് സെക്ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കി, സെക്ഷന്‍ എ.ഇ യുടെ ഒപ്പോടുകൂടിയ അപേക്ഷ ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് തെക്ക് വശത്തുള്ള കെ.എസ്.ഇ.ബി സ്റ്റോറിലെത്തി 850 രൂപ അടച്ച് മീറ്റര്‍ വാങ്ങണം. സ്വകാര്യ കമ്പിനിയാണ് മീറ്ററുകള്‍ നല്‍കുന്നത്. ഉപയോഗത്തിനേക്കാള്‍ ആവറേജ് ഉള്ളതിനാല്‍ ബില്‍ തുകയില്‍ ഉയര്‍ച്ച വരുന്ന അപൂര്‍വ്വം വീട്ടുകാര്‍ മാത്രമാണ് മീറ്റര്‍ മാറി വെയ്ക്കാന്‍ തയ്യാറാകുന്നത്. മീറ്റര്‍ മാറ്റി വെയ്ക്കാതെ ഫാള്‍ട്ടി സ്റ്റാറ്റസില്‍ തുടര്‍ന്നാലും പിഴയോ മറ്റ് നടപടികളോ നേരിടേണ്ടി വരില്ലെന്നതും ഉപഭോക്താക്കളെ മീറ്റര്‍ മാറ്റി വെയ്ക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ഇങ്ങനെ മാറ്റി വെയ്ക്കുന്ന മീറ്ററുകള്‍ക്ക് അഞ്ച് വര്‍ഷം വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെയുള്ളവയ്ക്ക് മീറ്റര്‍ വാടകയും നല്‍കേണ്ടതില്ല.
ഒറ്റ നോട്ടത്തില്‍ ലാഭകരമാണെന്ന് ഉപഭോക്താവിന് തോന്നുന്ന തരത്തിലാണ് മീറ്റര്‍ വാടക ഒഴിവാക്കിയുള്ള മീറ്റര്‍ മാറ്റി വെയ്പ്പിക്കല്‍. സാധാരണ നിലയില്‍ രണ്ട് മാസത്തേയ്ക്ക് 12 രൂപ മാത്രമാണ് മീറ്റര്‍ വാടക ഇനത്തില്‍ വരുന്നത്. അത് അഞ്ച് വര്‍ഷത്തെ കണക്ക് കൂട്ടിയാലും ഉപഭോക്താവിന് 850 രൂപ നല്‍കി മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നത് നഷ്ടമാണ്. ഹരിപ്പാട് ഡിവിഷന്റെ കീഴിലുള്ള കരുവാറ്റ, ഹരിപ്പാട്, ചേപ്പാട്, മുതുകുളം, ആറാട്ടുപുഴ, കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്, കായംകുളം ഈസ്റ്റ്, വെസ്റ്റ്, കൃഷ്ണപുരം എന്നീ സെക്ഷന്‍ ഓഫീസുകളിലായി ഒന്നര ലക്ഷത്തോളം ഉപഭോക്താക്കളാണുള്ളത്. ഇതില്‍ പകുതിയില്‍ അടുത്ത് ഉപഭോക്താക്കളുടെയും മീറ്റര്‍ ഫാള്‍ട്ടി സ്റ്റാറ്റസിലാണ്. കൂട്ടത്തില്‍ ആറാട്ടുപുഴ സെക്ഷനിലാണ് ഫാള്‍ട്ടി മീറ്ററുകളുടെ എണ്ണം കൂടുതലുള്ളത്. ഒന്‍പതിനായിരത്തി അഞ്ഞൂറോളം ഉപഭോക്താക്കള്‍ ഉള്ളതില്‍ പകുതിയില്‍ അധികവും ഫാള്‍ട്ടിയാണ്.
തീരദേശ മേഖലയായ ഇവിടെ ഉപ്പുകാറ്റ് അടിച്ച് മീറ്ററുകള്‍ വേഗം കേടുപാട് വരുന്നതാണ് കാരണം. ഉയര്‍ന്ന ഉപയോഗമുള്ള പല വീടുകളിലും മീറ്റര്‍ ഫാള്‍ട്ടി സ്റ്റാറ്റസിലായതിനാല്‍ വളരെ കുറച്ച് തുകമാത്രമാണ് ബില്‍ വരുന്നത്. ഇത് പരിസരവാസികളുടെ ശ്രദ്ധയില്‍പെടുമ്പോള്‍ റീഡിംഗിന് എത്തുന്നവരുമായി തര്‍ക്കത്തിനും കാരണമാകാറുണ്ട്.
കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതിലൂടെ തന്നെ കോടികളുടെ അധിക വരുമാനം കെ.എസ്.ഇ.ബിയ്ക്ക് ലഭിക്കുമെന്നിരിക്കെയും അതിന് ശ്രമിക്കാതെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് പാവങ്ങളുടെ വയറ്റത്തടിക്കുന്ന നടപടി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."