അടിമാലിയിലെ പതിനേഴുകാരിയുടെ ആത്മഹത്യയില്‍ ദുരൂഹത: ഫോണ്‍ വാങ്ങി നല്‍കിയിട്ടില്ലെന്ന് കുടുംബം
അടിമാലി: കഴിഞ്ഞ ദിവസം അടിമാലിയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങിക്കൊടുത്തിട്ടില്ലെന്നും ഫോണ്‍ വാങ്ങി നല്‍കിയത് ആരാണെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞു.
അടിമാലി പഞ്ചായത്തിലെ വാളറ കുളമാംകുഴി ആദിവാസി കോളനിയിലെ 17 വയസുകാരിയെയാണ് വീടിനുസമീപത്തെ മരത്തില്‍ ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ അവശനിലയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജൂണ്‍ 11 നാണ് രണ്ട് പെണ്‍കുട്ടികളെ കാണാതായത്. പിന്നീട് ഇവര്‍ തിരിച്ചെത്തിയിരുന്നു. ഇരുവരും ബന്ധുക്കളും അയല്‍വാസികളും ബാല്യകാലസുഹൃത്തുക്കളുമാണ്. ഇരുവരും നിരന്തരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി വീട്ടുകാര്‍ പലപ്പോഴും ശകാരിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
'കഴിഞ്ഞ വ്യാഴാഴ്ച 17 കാരിയെ വീട്ടുകാര്‍ വഴക്കുപറഞ്ഞു. ഇതോടെ സമീപവാസിയായ പെണ്കുട്ടിയെയുംകൂട്ടി 17 കാരി വീടുവിട്ടിറങ്ങി. ബന്ധുക്കള്‍ പെണ്‍കുട്ടികളുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചെങ്കിലും, എവിടെയാണെന്ന വിവരം പറഞ്ഞില്ല'
വ്യാഴാഴ്ച സമീപത്തെ വനമേഖലയും പുഴയോരവും ബന്ധുക്കള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെയാണ് ബന്ധുക്കള്‍ അടിമാലി പൊലീസില്‍ പരാതി നല്‍കിയത്. ഇതിനിടെ, വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടികള്‍ ബന്ധുവും അടിമാലി പഞ്ചായത്ത് പ്രസിഡന്റുമായ ദീപാ രാജീവിന്റെ വീട്ടിലെത്തി.
പെണ്‍കുട്ടികളെ ശനിയാഴ്ച രാവിലെ സ്റ്റേഷനിലെത്തിക്കാമെന്നും പറഞ്ഞു. ശനിയാഴ്ച രാവിലെ സ്റ്റേഷനില്‍ പോകാനായി വസ്ത്രം മാറാന്‍ ഇരുവരും വീടുകളിലേക്ക് പോയി.എന്നാല്‍, ഇവിടെനിന്ന് പോയ 17 കാരി വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. സമീപവാസിയായ പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടി നിലത്തുവീണു. പെണ്‍കുട്ടികളുടെ ഫോണ്‍ കണ്ടെത്തി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അടിമാലി സി.ഐ. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."