തുറവൂരില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ അധികൃതര്‍ക്ക് അനാസ്ഥ
തുറവൂര്‍: ദേശീയപാതയോരത്തും പൊതുമരാമത്തിന്റെ റോഡുകളിലും കൈയേറ്റം നടത്തിയവരെ ഒഴിപ്പിക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിക്കുന്നതായി പരാതി. കൊട്ടിഘോഷിച്ച് ആരംഭിച്ച ഒഴിപ്പിക്കല്‍ നടപടി തുറവൂറില്‍ പൂര്‍ത്തിയാകാതെ പാതി വഴിയില്‍ കിടക്കുകയാണ്.
തുറവൂര്‍ ജംക്ഷനില്‍ നിന്നും കിഴക്കോട്ടുള്ള റോഡിലാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചതെങ്കിലും ഇവിടെ പല സ്ഥലത്ത് റോഡ് കൈയേറി സ്ഥാപിച്ച കെട്ടിടങ്ങളെല്ലാം പൊളിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ അനാസ്ഥ കാണിക്കുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പ് ചേര്‍ത്തല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനീയറും പട്ടണക്കാട് അസിസ്റ്റന്റ് എഞ്ചിനീയറും തുറവൂര്‍ സ്വദേശികളായതിനാല്‍ കൈയേറ്റക്കാരെ ഭയപ്പെട്ടു നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോസ്റ്റാഫീസിന് കിഴക്ക് ഭാഗത്ത് നാല് കച്ചവട സ്ഥാപനങ്ങള്‍ റോഡ് കൈയേറിയാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് പൊളിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. തുറവൂര്‍ കവല മുതല്‍ തൈക്കാട്ടുശേരി പാലം വരെയുള്ള റോഡിലെ ഇരു വശങ്ങളില്‍ പലയിടത്തും കൈയേറ്റം നടത്തി കച്ചവട സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നു. കച്ചവടക്കാര്‍ കോടതിയില്‍ പോകുമെന്ന് ഭീഷണി മുഴക്കിയതിനാല്‍ പൊതുമരാമത്തിന്റെ തലപ്പത്തിരിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനെതിരേ നാട്ടുകാര്‍ ജനകീയ സമരത്തിനിറങ്ങുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."