ആവേശമായി കെ. മുരളീധരന്റെ വടകര മേഖലാ പര്യടനം
വടകര: ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ അഴിയൂര്‍, വടകര മേഖലയില്‍ നടത്തിയ പര്യടനം പ്രവര്‍ത്തകര്‍ക്ക് ആവേശമായി. വൈകിട്ട് അഞ്ചുമണിയോടെ എത്തിയ സ്ഥാനാര്‍ഥി ചിറയില്‍ പീടികയില്‍ കേരള വീവേഴ്‌സ് ഹാന്‍ഡ്‌ലൂം സൊസൈറ്റിയിലെ തൊഴിലാളികളെയും ജീവനക്കാരെയും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി.
കുഞ്ഞിപള്ളിയില്‍ റെയില്‍വേഗേറ്റ് അടച്ചതിനെ തുടര്‍ന്ന് കാല്‍നട യാത്രക്കാര്‍ ഏറെ വിഷമതകളനുഭവിക്കുന്ന റെയില്‍പാളം മുറിച്ചുകടന്നാണ് ടൗണില്‍ മുരളീധരന്‍ എത്തിയത്. ഇതിനിടയില്‍ കാല്‍നടയാത്രാ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് അഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥി ക്ക് നല്‍കിയ നിവേദനം സ്വീകരിച്ചു. പ്രശ്‌നത്തിന് അനുഭാവ പൂര്‍വ്വം പരിഹാരത്തിന് ശ്രമിക്കുമെന്ന് മുരളി പറഞ്ഞു. കുഞ്ഞിപ്പളളി ടൗണില്‍ കച്ചവടക്കാരെ കണ്ടശേഷം കുഞ്ഞിപ്പള്ളി മസ്ജിദ് സന്ദര്‍ശിച്ചു. മുന്നണി നേതാക്കളായ കോട്ടയില്‍ രാധാകൃഷ്ണന്‍, പി.കെ ഹബീബ്, ഇ.ടി.അയ്യൂബ്,പി.ബാബുരാജ്,പ്രദീപ് ചോമ്പാല,ശ്യാമള കൃഷ്ണാര്‍പ്പിതം,പി.രാഘവന്‍, കെ.അന്‍വര്‍ഹാജി,സുനില്‍ മടപ്പള്ളി,കെ.പി.വിജയന്‍,കെ.പി.രവീന്ദ്രന്‍,ഹാരിസ് മുക്കാളി എന്നിവര്‍ അനുഗമിച്ചു.
കുഞ്ഞിപളളിയില്‍ നിന്ന് ഒഞ്ചിയം പഞ്ചായത്തിലെ അറക്കല്‍ കടപ്പുറത്ത് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി . വെളിച്ചപ്പാട് കുമാരന്റെ അനുഗ്രഹം തേടി. ആര്‍.എം.പി.ഐ നേതാവും ഒഞ്ചിയം പഞ്ചായത്ത് ഭരണസമിതി അംഗമായിരിക്കെ മരണമടഞ്ഞ എ.ജി.ഗോപിനാഥന്റ വീട്ടിലും മുരളീധരന്‍ സന്ദര്‍ശനം നടത്തി. ഒഞ്ചിയം സമരസേനാനി മേനോന്‍ കണാരന്റെ മകന്‍ പി.എം അച്ചുതന്റെ വീട്ടിലും സ്ഥാനാര്‍ഥി എത്തി വോട്ടഭ്യര്‍ഥന നടത്തി .
ഓര്‍ക്കാട്ടേരിയെ ഇളക്കിമറിച്ച് കെ. മുരളീധരന്റെ റോഡ് ഷോ. ജയ് വിളികളുടെ ആവേശം മുഴങ്ങിയ റോഡ് ഷോ കാണാനായി നൂറുകണക്കിനാളുകളായിരുന്നു ടൗണിലേക്ക് ഒഴുകി എത്തിയത്. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് വോട്ടില്ലെന്ന സന്ദേശമാണ് പ്രകടനങ്ങളില്‍ മുഴങ്ങിയിരുന്നത്. വിവിധ യു.ഡി.എഫ് ഘടകകക്ഷികള്‍ അണിനിരന്ന റോഡ് ഷോ ഡേ മാര്‍ട്ട് പരിസരത്ത് നിന്നും ആരംഭിച്ച് യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ അവസാനിച്ചു.
പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ട് ദിവസങ്ങള്‍ കഴിയുമ്പോഴും സ്ഥാനാര്‍ഥിയെ കാണാനായി രാഷ്ട്രീയഭേദമന്യേയാണ് സ്വീകരണ കേന്ദ്രങ്ങളില്‍ ആളുകള്‍ എത്തുന്നത്. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം.സി ഇബ്രാഹിം, കോട്ടയില്‍ രാധാകൃഷ്ണന്‍, കളത്തില്‍ പീതാംബരന്‍, പ്രദീപ് ചോമ്പാല, എന്‍.പി അബ്ദുല്ല ഹാജി, അഡ്വ. ഇ. നാരായണന്‍ നായര്‍, പി.കെ. അയൂബ്, സി.കെ വിശ്വനാഥന്‍, ഒ.കെ കുഞ്ഞബ്ദുദുല്ല, പറമ്പത്ത് പ്രഭാകരന്‍, അന്‍വര്‍ ഹാജി, ക്രസന്റ് അബ്ദുല്ല എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."