ശാസ്ത്ര ജീവിതം
2011അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന വിപുലമായി ആഘോഷിച്ചത് കൂട്ടുകാര്‍ക്ക് ഓര്‍മയുണ്ടല്ലോ? ഡോ.മേരിക്യൂറിയെന്ന ശാസ്ത്രജ്ഞയ്ക്ക് റേഡിയം, പൊളോനിയം എന്നീ റേഡിയോ വികിരണമൂലകങ്ങളുടെ കണ്ടുപിടിത്തത്തിന് നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ 100-ാം വാര്‍ഷികാചരണ ഭാഗമായിട്ടായിരുന്നു അത്. ലോകമെങ്ങുമുള്ള വനിതാ ശാസ്ത്രജ്ഞര്‍ക്ക് എക്കാലത്തും പ്രചോദനവും ശാസ്ത്രത്തിന് വേണ്ടി എല്ലാ അര്‍ഥത്തിലും ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു മേരി ക്യൂറി.
'പ്രകൃതിയുടെ പുത്തന്‍ കാഴ്ചകള്‍ കണ്ടപ്പോഴെല്ലാം എന്റെ മനസ് ഒരു ശിശുവിനെപ്പോലെ തുള്ളിച്ചാടുകയായിരുന്നു'.പ്രകൃതിയെ സ്‌നേഹിച്ച ഒരു നിഷ്‌ക്കളങ്കയായ ശിശുവിന്റെ പരിശുദ്ധിയോടെ അവളുടെ മടിത്തട്ടില്‍ ഓടിക്കളിച്ച് മറ്റാരും കാണാത്ത അതുല്യപ്രതിഭാസങ്ങള്‍ കണ്ടെത്തിയ അപൂര്‍വ പ്രതിഭാശാലിയായിരുന്നു മന്യ എന്ന ഓമനപ്പേരുള്ള മറിയ സലോമിയ സ്‌ക്ലോഡോസ്‌ക.
പില്‍ക്കാലത്ത് വിശ്വവിഖ്യാതയായ മേരി ക്യൂറി (മാഡം ക്യൂറി)എന്ന ശാസ്ത്രജ്ഞയായി അവള്‍ മാറി. ലോകത്ത് ആദ്യവും ഒരു പക്ഷേ അവസാനവുമായി രണ്ടു ശാസ്ത്ര വിഷയങ്ങള്‍ക്കും നൊബേല്‍ സമ്മാനം നേടിയ വനിതയാണവര്‍.
റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ ഭരണ പ്രദേശമായിരുന്ന പോളണ്ടിലെ വാഴ്‌സോയില്‍ 1867 നവംബര്‍ 7-നാണ് മേരി ജനിച്ചത്. അധ്യാപക ദമ്പതികളായ വ്‌ളാഡിസ്‌ളാവ് സ്‌കോഡോവ്‌സ്‌കയുടെയും വ്‌ളാഡിസ്‌ലാവിന്റെയും അഞ്ചുമക്കളില്‍ ഇളയവളായിരുന്നു.
പഠിച്ച് ഉയരങ്ങളില്‍ എത്തണമെന്നായിരുന്നു മേരിയുടെയും മൂത്ത സഹോദരിയായ ബ്രോണിയുടെയും ആഗ്രഹം. എന്നാല്‍ സാമ്പത്തികസ്ഥിതി തടസ്സമായി. അന്ന് പോളണ്ടില്‍ പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനവും ഗവേഷക പഠനവും നിഷിദ്ധമായിരുന്നു. എന്നാല്‍ മേരിയുടെ നിശ്ചയദാര്‍ഢ്യം എല്ലാ പരിമിതികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു.
ദുരിത ബാല്യം
ദുരിതങ്ങള്‍ നിറഞ്ഞ ബാല്യമായിരുന്നു മേരിയുടേത്. പന്ത്രണ്ട് വയസില്‍ അമ്മ മരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് മൂത്ത സഹോദരി സോഫിയയും. ഇരുവര്‍ക്കും ക്ഷയരോഗമായിരുന്നു. തുച്ഛ വരുമാനം മാത്രമുള്ള കുടുംബം ജീവിക്കാന്‍ ഏറെ പണിപ്പെട്ടു. അന്നും പഠിക്കാനുള്ള അദമ്യമായ അഭിലാഷം പിതാവ് മേരിയില്‍ കണ്ടിരുന്നു.16-ാം വയസ്സില്‍ സ്വര്‍ണമെഡല്‍ നേടി അവള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഫിസിക്‌സ് അധ്യാപകനായ പിതാവിന്റെ അലമാരിയിലെ പരീക്ഷണ ഉപകരണങ്ങള്‍ അവളെ ഏറെ സ്വാധീനിച്ചു. അച്ഛനൊപ്പം പല രാസപരീക്ഷണങ്ങളിലും പങ്കാളിയായി. ചേച്ചി ബ്രോണി പാരീസില്‍ മെഡിസിന്‍ പഠിക്കാന്‍ പോയി. പോളണ്ടിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ പോരാടിയതിന്റെ പേരില്‍ മേരിയുടെ പിതാവിന് ജോലി നഷ്ടപ്പെട്ടു. പിന്നെ അവള്‍ ആയയായും വീട്ടുജോലിക്കാരിയായും ട്യൂഷന്‍ ടീച്ചറായും ജോലി ചെയ്തു. നാലു വര്‍ഷം കഷ്ടപ്പെട്ട് പണിയെടുത്ത് ചേച്ചിയ്ക്ക് പണമയച്ചു. അതിനിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി.
നാട്ടില്‍ അന്ന് നിരോധിക്കപ്പെട്ടിരുന്ന പോളിഷ് ഭാഷ പ്രചരിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. രഹസ്യമായി നടത്തിയിരുന്ന'ഫ്‌ളയിംഗ് സര്‍വകലാശാല'യില്‍ പഠനവും നടത്തി, അണ്ടര്‍ ഗ്രൗണ്ട് കോളജ് പഠനത്തിലൂടെ ഡിഗ്രിയും നേടി.
ഉന്നത വിദ്യാഭ്യാസം
ചേച്ചിയുടെ പഠനവും വിവാഹവും കഴിഞ്ഞ് 1891-ല്‍ മേരി ചേച്ചിയുടെ സഹായത്തോടെ പാരീസില്‍ എത്തി. പഠനത്തിനായി സോണ്‍ബോണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. യൂനിവേഴ്‌സിറ്റിക്കടുത്തൊരു വീട്ടിലെ തട്ടിന്‍പുറത്തായിരുന്നു താമസം. വല്ലപ്പോഴും പിതാവ് അയച്ചിരുന്ന പണം ലഭിച്ചു. അത് ആഹാരത്തിനുപോലും തികഞ്ഞിരുന്നില്ല. നല്ല വസ്ത്രങ്ങള്‍ ഒന്നും അവള്‍ക്കുണ്ടായിരുന്നില്ല. തണുപ്പിനെ തടയുന്ന കട്ടിയുള്ള ഉടുപ്പുമില്ലായിരുന്നു. വിശന്നു തളര്‍ന്നാണ് പല ദിവസങ്ങളിലും മേരി ക്ലാസിലെത്തിയിരുന്നത്. എല്ലാ കുട്ടികളും തന്നേക്കാള്‍ സാമ്പത്തിക നിലവാരമുള്ളവര്‍. 'ഫ്രഞ്ചു ഭാഷ പോലും അറിയാത്ത ഒരഭയാര്‍ഥി' അവള്‍ ചിന്തിച്ചു.
പക്ഷേ മേരി നിരാശപ്പെട്ടില്ല.'ഞാന്‍ ഒന്നാമതായി ജയിക്കും'. അവള്‍ പ്രതിജ്ഞയെടുത്തു. കഷ്ടപ്പെട്ടു പഠിച്ചു. എം.എസ്.സി. ഫിസിക്‌സില്‍ യൂനിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കുകാരിയായി ജയിച്ചു. എം.എസ്.സി. ഗണിതത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
പിയറിയെ കണ്ടുമുട്ടുന്നു
1894-ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയിലെ പഠന കാലത്താണ് പിയറിയെ പരിചയപ്പെടുന്നത്. പിസോ ഇലക്ട്രിക് പ്രഭാവത്തിന്റെ കണ്ടുപിടുത്തത്തോടെ ശാസ്ത്രലോകത്ത് പ്രശസ്തനായിരുന്നു അദ്ദേഹം. മേരി കൊച്ചു പരീക്ഷണങ്ങളുമായി കഴിയവേ, 1895 ജൂലൈയില്‍ പിയറി ക്യൂറി മേരിയെ വിവാഹം കഴിച്ചു. പിയറിയും ഗവേഷണത്തില്‍ പങ്കു ചേര്‍ന്നു. കൈക്കുഞ്ഞിനെ എടുത്തുകൊണ്ടായിരുന്നു മേരിയുടെ രാപ്പകല്‍ ഗവേഷണം.
1896-ല്‍ യാദൃശ്ചികമായാണ് ഹെന്റി ബെക്വറല്‍ (മേരിയുടെ ഗൈഡ്) യുറേനിയം ധാതുവായ പിച്ച് ബ്ലെന്‍ഡില്‍ നിന്നുള്ള വികിരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തല്‍ നടത്തിയത്.
ഇതില്‍ ആകൃഷ്ടരായ ക്യൂറിമാര്‍ ഈ പ്രതിഭാസത്തിന് 'റേഡിയോ ആക്ടിവിറ്റി'എന്ന പേരു നല്‍കി. പിച്ച് ബ്ലെന്‍ഡില്‍ യുറേനിയത്തെ കൂടാതെ വേറെയും റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ ക്യൂറിമാര്‍ അത് കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു.
അക്ഷീണമായ പരിശ്രമത്തിന്റെ ഫലമായി 1898ല്‍ പുതിയൊരു മൂലകത്തെ പിച്ച് ബ്ലെന്‍ഡില്‍ നിന്ന് അവര്‍ കണ്ടെത്തി. മേരി ക്യൂറി ജന്മ നാടിന്റെ നാമം ചേര്‍ത്തു'പൊളോനിയം'എന്ന പേര് നല്‍കി.
നൊബേല്‍
കുടുംബം
ലോകത്ത് ആദ്യവും ഒരുപക്ഷേ അവസാനവുമായി രണ്ട് ശാസ്ത്ര വിഷയങ്ങള്‍ക്ക് നൊബേല്‍ സമ്മാനം നേടിയ വനിതയാണ് മാഡം ക്യൂറി. 1903-ല്‍ ഫിസിക്‌സിനുള്ള നൊബേല്‍ സമ്മാനം മേരിയ്ക്കും, ഭര്‍ത്താവ് പിയറിക്കും, മേരിയുടെ ഗൈഡ് ഹെന്റി ബെക്വറലിനും ആയി പങ്കുവയ്ക്കപ്പെട്ടു.
1911-ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മാഡം ക്യൂറിയെ തേടിയെത്തി. റേഡിയത്തിന്റെ കണ്ടുപിടിത്തത്തിനാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. ഇവിടം കൊണ്ടു തീരുന്നില്ല. ക്യൂറി കുടുംബത്തിലെ നൊബേല്‍ വിശേഷങ്ങള്‍. മാഡം ക്യൂറിയുടെ മൂത്ത മക ള്‍ ഐറിന്‍ ജൂലിയോ ക്യൂറിയും ഐറിന്റെ ഭര്‍ത്താവ് ഫ്രെഡറിക് ജൂലിയോ ക്യൂറിയുമാണ് 1935-ല്‍ രസതന്ത്ര നൊബേലിന് അര്‍ഹരായത്.
പുതിയ റോഡിയോ ആക്ടീവ് മൂലകങ്ങളുടെ സംയോജിപ്പിക്കലിനാണ് അവര്‍ക്ക് നൊബേല്‍ പുരസ്‌കാരം നല്‍കിയത്. ഒട്ടനവധി പുരസ്‌കാരങ്ങള്‍ പിന്നീട് മേരിക്ക് ലഭിക്കുകയുണ്ടായി.
ഒരു വീട്ടില്‍ മൂന്ന് നൊബേല്‍
റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഉപയോഗിച്ച് അര്‍ബുദ ചികിത്സ നടത്തുന്നത് സംബന്ധിച്ച ആദ്യ പരീക്ഷണങ്ങള്‍ നടത്തിയതും മാഡം ക്യൂറിയാണ്. പാരീസിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും, വാഴ്‌സോയിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചതും മേരി ക്യൂറി തന്നെ. ഒന്നാം ലോക മഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടി'റേഡിയോളജി' സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി സജ്ജമാക്കി.
ശാസ്ത്ത്രിനുവേണ്ടി
സമര്‍പ്പിച്ച ജീവിതങ്ങള്‍
ക്യൂറിയുടേയും കുടുംബത്തിന്റെയും ജീവിതം ലോകത്തിന്റെ പൊതു നന്മയ്ക്കുവേണ്ടിയുള്ള നിരന്തര സമര്‍പ്പണമായിരുന്നു. 'പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളില്‍ നിന്നു മനുഷ്യകുലം തിന്മകളേക്കാള്‍ നന്മ സ്വീകരിക്കാനുള്ള പക്വത ആര്‍ജിക്കും' എന്നു പ്രഖ്യാപിച്ചാണ് മാരകമായ അണുവികിരണങ്ങള്‍ക്കിടയിലൂടെ അവര്‍ നിരന്തരമായ പരീക്ഷണ പാതകള്‍ വെട്ടിത്തുറന്നത്.
1906-ല്‍ ഒരു കുതിരവണ്ടി അപകടത്തെത്തുടര്‍ന്ന് ഏപ്രില്‍ 16-ന് പിയറി ക്യൂറി മരണമടഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം യൂനിവേഴ്‌സിറ്റിയിലെ ഊര്‍ജതന്ത്ര വിഭാഗം പ്രൊഫസറായി മേരി ക്യൂറിയെ നിയമിച്ചു. ഗവേഷണ പ്രവര്‍ത്തനങ്ങളായിരുന്നു മാഡം ക്യൂറിക്ക് ആശ്വാസം. എന്നാല്‍ ആ ഗവേഷണങ്ങള്‍ തന്നെ ഈ മഹാപ്രതിഭയുടെ ജീവന്‍ കവര്‍ന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് അവര്‍ നിരന്തരം റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
നിരന്തര സമ്പര്‍ക്കം സമ്മാനിച്ച രക്താര്‍ബുദത്തെത്തുടര്‍ന്ന് 1934 ജൂലൈ 4 ന് അവര്‍ വിട പറഞ്ഞു. മേരി സ്വന്തം നേട്ടങ്ങളുടെ പേരില്‍ പാരീസിലെ'പാന്തിയത്തില്‍' സംസ്‌കരിക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അര്‍ഹയായി. മകളായ ഐറിന്റെ വിധിയും അതിദാരുണമായിരുന്നു. അമ്മയുടേയും അച്ഛന്റെയും പരീക്ഷണ ശാലയിലായിരുന്നു ഐറിന്റെ ബാല്യം. പിന്നീട് ഐറിന്‍ ഗവേഷണം നടത്തിയതും ഈ രംഗത്തുതന്നെ. 1959-ല്‍ ഐറിന്റെ ജീവനും രക്താര്‍ബുദം കവര്‍ന്നെടുത്തു.
ശാസ്ത്രലോകത്തിന് മാതൃക
ഒരു സ്ത്രീക്ക് ശാസ്ത്രജ്ഞയാകാനും, പ്രൊഫസറായി ശോഭിക്കാനും നൊബേല്‍ സമ്മാനം നേടാനും , വലിയ ഗവേഷണ സ്ഥാപനത്തെ വിജയകരമായി നയിക്കാന്‍ കഴിയും എന്നൊക്കെ ലോകത്തിന് കാണിച്ചുകൊടുത്ത മഹതിയാണ് മാഡം ക്യൂറി.'ലക്ഷ്യം നേടുന്നതുവരെ ഏതു പ്രതിബന്ധങ്ങളെയും അതിജീവിക്കാനുള്ള അവരുടെ ആത്മധൈര്യവും അപാരമായ ബുദ്ധിശക്തിയും എന്നെ അത്ഭുതപ്പെടുത്തി. ലോകം കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാധനയായ വനിതാശാസ്ത്രജ്ഞയാണ് മാഡം ക്യൂറി യെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സാക്ഷ്യപ്പെടുത്തുന്നു. ആവര്‍ത്തന പട്ടികയില്‍ ഒരു മൂലകമുണ്ട് മാഡം ക്യൂറിയുടെ പേരില്‍. അതാണ് 'ക്യൂറിയം'. റേഡിയോ ആക്ടീവതയുടെ യൂനിറ്റിന് 'ക്യൂറി'എന്ന പേര് നല്‍കി ശാസ്ത്രലോകം അവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."